ദില്ലി: രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ലോക്സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നൽകി. വിജ്ഞാപനമിറക്കുന്നത് നീട്ടിക്കൊണ്ട് പോയാൽ വീണ്ടും കോടതിയെ സമീപിക്കാനാണ് പാർട്ടി നേതാക്കളുടെ ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ലോക്സഭാ സ്പീക്കർക്ക് വീട്ടിലെത്തി കത്ത് നൽകിയത്. കോടതി ഉത്തരവ് ലോക്സഭാ സെക്രട്ടേറിയേറ്റിൽ എത്തിച്ചതായും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ദില്ലി തുഗ്ലക് ലൈനിൽ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് തിരികെ നൽകണമെന്ന ആവശ്യവും നേതാക്കൾക്കുണ്ട്. ഇക്കാര്യവും ലോക്സഭാ സെക്രട്ടേറിയേറ്റിന് മുന്നിൽ വെക്കും.