പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയുടെ 40ാം ഓർമ്മദിനത്തില്‍ പുതുപ്പള്ളിയിൽ പരസ്യ പ്രചരണം ഒഴിവാക്കി യുഡിഎഫ്. ബൂത്ത് തലത്തിൽ കോൺഗ്രസ് സ്മൃതി യാത്രകൾ സംഘടിപ്പിക്കുകയാണ് പുതുപ്പള്ളിയില്‍ ഇന്ന്. സെന്റ് ജോർജ് പള്ളിയിൽ പ്രത്യേക പ്രാർത്ഥന ചടങ്ങുകളുണ്ട്. അതേസമയം എൽഡിഎഫ്, ബിജെപി സ്ഥാനാർഥികളുടെ വാഹന പ്രചരണം ഇന്നും സജീവമാണ്.
സെന്റ് ജോർജ് പള്ളിയിൽ പതിനയ്യായിരം പേർക്കുള്ള ഭക്ഷണമാണ് പള്ളി കമ്മിറ്റി ഒരുക്കുന്നത്. അതേസമയം സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി അച്ചു ഉമ്മൻ പ്രതികരിച്ചിരുന്നു. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി. മരിച്ചപ്പോൾ മക്കളെ വേട്ടയാടുന്നു. മുഖമില്ലാത്തവർക്കെതിരെ നിയമ നടപടിക്കില്ല. ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ. സൈബർ ആക്രമണം അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നും അച്ചു പ്രതികരിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സിപിഎം സൈബർ ഗുണ്ടകൾ ആക്രമിക്കുന്നത് അപലപനീയമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ട് ഇത് അവസാനിപ്പിക്കണം. ജീവിച്ചിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും സിപിഎം തേജോവധം ചെയ്തു. പൊതു സമൂഹം ഇതിനെ പറ്റി വിലയിരുത്തണം. ഉമ്മൻചാണ്ടിയുടെ പേരും സ്ഥാനവും ഉപയോഗിച്ച് അച്ചു ഉമ്മൻ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. സൈബർ സഖാക്കളോട് ഇതിൽ നിന്നും പിന്തിരിയാൻ ആവശ്യപ്പെടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അതേസമയം എൺപത് വയസിനു മുകളിലുള്ളവരും കിടപ്പു രോഗികളുമായ പുതുപ്പള്ളിയിലെ വോട്ടർമാരുടെ വോട്ടുകൾ വീടുകളിലെത്തി രേഖപ്പെടുത്തി തുടങ്ങി.15 ഉദ്യോഗസ്ഥ സംഘങ്ങളെയാണ് അസന്നിഹിത വോട്ടുകൾ രേഖപ്പെടുത്താൻ പുതുപ്പള്ളിയിൽ നിയോഗിച്ചിരിക്കുന്നത്.