ഭോപ്പാല്‍: സമൂഹ വിവാഹത്തിന്റെ ഭാഗമായ യുവതികള്‍ക്ക് നല്കിയ മേക്കപ്പ് കിറ്റില്‍ കോണ്ടവും ഗര്‍ഭനിരോധന മാര്‍ഗങ്ങളും നല്‍കിയതിന് പിന്നാലെ മധ്യപ്രദേശില്‍ വന്‍ വിവാദം. മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ സര്‍ക്കാര്‍ നടത്തിയ സമൂഹ വിവാഹമാണ് വലിയ വിവാദമായിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങളിലുള്ള 283 പേരുടെ വിവാഹമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നടത്തിയത്. മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൌഹാന്റെ മുഖ്യമന്ത്രി കന്യാ വിവാഹ്, നിക്കാഹ് പദ്ധതിക്ക് കീഴിലായിരുന്നു സമൂഹവിവാഹം നടത്തിയത്.
ദേശീയ ആരോഗ്യ മിഷന്റെ സ്റ്റിക്കറോട് കൂടിയ മേക്കപ്പ് ബോക്സിലാണ് ഗര്‍ഭനിരോധന മരുന്നുകളും കോണ്ടങ്ങളും ഉണ്ടായിരുന്നത്. കുടുംബാസൂത്രണത്തിന്റെ ബോധവല്‍ക്കരണ സന്ദേശം നല്‍കുന്നതായിരുന്നു മേക്കപ്പ് ബോക്സിലെ സ്റ്റിക്കറുകള്‍. പൊതുജനത്തിന് ബോധവല്‍ക്കരണ സന്ദേശം നല്‍കുന്നതിനായി ഇവ നല്‍കിയതെന്നാണ് ജാബുവ കളക്ടര്‍ തന്വി ഹൂഡ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനമാണ് സംഭവത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. കുടുംബാസൂത്രണത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിനായി ഈ വേദി ആയിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം.എന്നാല്‍ ഇവ മേക്കപ്പ് കിറ്റുകളല്ലെന്നും കുടുംബാസൂത്രണത്തിന് വേണ്ടി നവ ദമ്പതികള്‍ക്ക് നല്കുന്ന സമ്മാനമാണെന്നാണ് താണ്ട്ല എസ്ഡിഎം തരുണ്‍ ജയിന് മാധ്യമങ്ങളോട് വിശദമാക്കിയത്. 2006 ഏപ്രില്‍ മാസത്തിലാണ് ഈ പദ്ധതി സംസ്ഥാനത്ത് അവതരിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്. വിവാഹിതരാവുന്ന യുവതിയുടെ കുടുംബത്തിന് 55000 രൂപ അടക്കമുള്ളവ നല്‍കിയാണ് പദ്ധതി നടപ്പിലാക്കിയിരുന്നത്.
നേരത്തെ മധ്യപ്രദേശിലെ ഡിണ്ടോരിയില് നടന്ന സമൂഹ വിവാഹത്തില്‍ ഭാഗമായ യുവതികള്‍ക്ക് വിവാഹത്തിന് മുന്‍പ് ഗര്‍ഭപരിശോധന നടത്തിയത് വന്‍ വിവാദമായിരുന്നു. സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷ നല്‍കിയതിന് പിന്നാലെ നടന്ന മെഡിക്കല്‍ പരിശോധനയിലാണ് ഗര്‍ഭ പരിശോധന നടത്തിയതെന്നാണ് ബച്ഛര്ഗാവ് സ്വദേശിയായ യുവതി ആരോപിച്ചത്. ഗര്‍ഭ പരിശോധന പോസിറ്റീവ് ആയതിന് പിന്നാലെ യുവതിയുടെ പേര് പദ്ധതിയുടെ ഗുണം ലഭിക്കുന്നവരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായുമാണ് ആരോപണം ഉയര്‍ന്നത്.