പെർത്ത് : കാനിംഗ് വെയ്ലിലെ ഗുരുദ്വാര സാഹിബിൽ സിഖ് അസോസിയേഷൻ്റെ ഓഫീസിന് മുന്നിൽ അടുത്തിടെ ഗുട്ക സാഹിബിനെ അപമാനിച്ച സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ഏറ്റവും വലിയ സംഘടന എന്ന നിലയിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ (ISWA) യുടെ പേരിൽ അഗാധമായ നിരാശ പ്രകടിപ്പിക്കുന്നതായി ISWA അറിയിച്ചു.
സിഖ് സമൂഹത്തിൻ്റെ വികാരങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കുക മാത്രമല്ല, പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ വിശാലമായ ഇന്ത്യൻ സമൂഹത്തെ ബാധിക്കുകയും ചെയ്ത ഈ അപലപനീയമായ പ്രവൃത്തിയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുന്നതായും ISWA വ്യക്തമാക്കി.
സമാധാനത്തോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടതാണ് സിഖ് സമൂഹമെന്നും, കൂടാതെ നമ്മുടെ ബഹുസ്വര സമൂഹത്തിൻ്റെ ക്ഷേമത്തിനും ഐക്യത്തിനും കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ISWA ഓർമിപ്പിച്ചു. പ്രസ്തുത സംഭവം സമൂഹത്തിൽ കാര്യമായ വൈകാരിക ക്ലേശം ഉളവാക്കുകയും ഖേദകരമാംവിധം അനാവശ്യമായ പിരിമുറുക്കം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആയതിനാൽ ശാന്തമായും ഐക്യത്തോടെയും നിലകൊള്ളാനും ഇതിലൂടെ സമൂഹത്തിനകത്ത് ഭിന്നത വളർത്താൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യങ്ങളെ പരാജയപ്പെടുത്താനും നമുക്കാവണമെന്ന് ISWA അഭ്യർത്ഥിച്ചു .
നീതിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാ സമുദായ അംഗങ്ങളുടെയും സുരക്ഷയും അന്തസ്സും ഉറപ്പാക്കാനും വേണ്ടി
WA ഗവൺമെൻ്റിനോടും ലോക്കൽ പോലീസിനോടും ഈ സംഭവം വേഗത്തിൽ അന്വേഷിക്കാനും ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഉള്ളടക്കം ഉടനടി നീക്കം ചെയ്യാനും ഉത്തരവാദികളെ പിടികൂടാനും ഉൾപ്പെടെ നിർണ്ണായക നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെട്ടതായി ISWA ഭാരവാഹികൾ അറിയിച്ചു.
ബഹുസാംസ്കാരിക ഓസ്ട്രേലിയയുടെ കരുത്ത് ബഹുമാനത്തിൻ്റെയും ഉൾപ്പെടുത്തലിൻ്റെയും പരസ്പര ധാരണയുടെയും പരിതസ്ഥിതി പരിപോഷിപ്പിക്കുന്നതിലാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നതിനാൽ ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ WA യിലെ സിഖ് സമൂഹത്തോട് ISWA ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും ഭാരവാഹികൾ വ്യക്തമാക്കി.