ബെർലിൻ: ലുഫ്താൻസ കന്പ്യൂട്ടർ നെറ്റ്വർക്ക് സിസ്റ്റം തകരാറായതിനെ തുടർന്ന് ആഗോള തലത്തിൽ ലുഫ്ത്താൻസാ സർവീസുകൾ അവതാളത്തിലാക്കി. കന്പനിയിലുടനീളമുള്ള സിസ്റ്റം തകരാർ ചെക്ക്-ഇൻ ചെയ്യുന്നതിനും ബോർഡിംഗിനുമുള്ള സംവിധാനങ്ങളെ തടസപ്പെടുത്തിയത് യാത്രക്കാരെയും വിമാന ജീവനക്കാരെയും ഏറെ ബാധിച്ചതായി ജർമ്മൻ എയർലൈൻ പറഞ്ഞു.ഫ്രാങ്ക്ഫർട്ടിലെ ഒരു റെയിൽപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് വൻ ഐടി പരാജയത്തിന് കാരണമെന്ന് ലുഫ്താൻസ പറഞ്ഞു. ജർമൻ നെറ്റ്വർക്ക് ദാതാക്കളായ ടെലികോമിന്റെ പ്രസ്താവന ഉദ്ധരിച്ച്, റെയിൽ നിർമാണ പ്രവർത്തനത്തിനിടെ ഫ്രാങ്ക്ഫർട്ടിൽ നിരവധി ഗ്ലാസ് ഫൈബർ കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇത് ലോകമെന്പാടുമുള്ള പ്രവർത്തനങ്ങളെ തടസപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. കേബിൾ തകരാറുകൾ പൂർണമായി പരിഹരിക്കാൻ ബുധനാഴ്ച ഉച്ചവരെ സമയമെടുക്കുമെന്ന് കന്പനി കൂട്ടിച്ചേർത്തു.
ചെക്ക്-ഇൻ ചെയ്യുന്നതിനും ബോർഡിംഗിനുമുള്ള സംവിധാനങ്ങൾ തടസപ്പെട്ടതിനാൽ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്നുള്ള ലുഫ്താൻസയുടെ എല്ലാ പുറപ്പെടലുകളും നിർത്തിവച്ചു. എന്നാൽ എത്ര വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് ഇതുവരെ അറിവായിട്ടില്ല.ജർമൻ എയർ ട്രാഫിക് കണ്ട്രോൾ തകരാർ കാരണം ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാ വിമാനങ്ങളും കൊളോണ്‍, ഡ്യൂസൽഡോർഫ്, ന്യൂറൻബെർഗ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് താൽകാലികമായി റൂട്ട് മാറ്റുകയായിരുന്നു. ഹബ് നിറയുന്നത് തടയാനാണ് നടപടിയെന്ന് എയർ ട്രാഫിക് കണ്ട്രോൾ വക്താവ് സ്ഥിരീകരിച്ചു.മറുവശത്ത്, ടേക്ക് ഓഫുകൾ ഫ്രാങ്ക്ഫർട്ടിൽ ഇപ്പോഴും സാധ്യമായിരുന്നു. ലുഫ്താൻസയുടെ രണ്ടാമത്തെ വലിയ കേന്ദ്രമായ മ്യൂണിക്കിന് ഈ സമയത്ത് എയർ ട്രാഫിക് കണ്ട്രോൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല. പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ, ഇത് ഒരു ഓപ്ഷനായി മാറുമെന്ന് എയർ ട്രാഫിക് കണ്ട്രോൾ വക്താവ് അറിയിച്ചു.
അന്താരാഷ്ട്ര ഫ്ളൈറ്റുകളെയും പരാജയം ബാധിച്ചു. ഇത് നിരവധി യാത്രക്കാർക്ക് അവരുടെ കണക്റ്റിംഗ് ഫ്ലൈറ്റുകൾ നഷ്ടപ്പെടാൻ കാരണമായി. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ യാത്രക്കാരും വിമാന ജീവനക്കാരും ഒരുപോലെ കുടുങ്ങി. ഇതിനുള്ള പരിഹാരത്തിനായി കന്പനി തീവ്രമായി പ്രവർത്തിക്കുകയാണെന്ന് ഫ്രാങ്ക്ഫർട്ടിലെ വക്താവ് പറഞ്ഞു. ജർനിയിലെ മറ്റു വിമാനത്താവളങ്ങളെ ബാധിച്ചില്ല. അതേസമയം സിസ്റ്റം തകരാറിനെ തുടർന്ന് ലുഫ്താൻസയുടെ ഓഹരികളിൽ 1.2 ശതമാനം ഇടിവുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എഫ്സി ബയേണ്‍ ഫുട്ബോൾ കളിക്കാരെയും വിമാന കുഴപ്പങ്ങൾ ബാധിച്ചു. പാരീസ് സെന്റ് ജെർമെയ്നിൽ നടന്ന ചാന്പ്യൻസ് ലീഗ് റൗണ്ട് 16 ലെ ആദ്യ പാദ വിജയത്തിനുശേഷം ബുണ്ടസ്ലിഗ നേതാക്കൾ ബുധനാഴ്ച രാവിലെ പാരീസിൽ കുടുങ്ങി.