മെൽബൺ∙ മെൽബൺ രാജ്യാന്തര കോമഡി ഫെസ്റ്റിവലിൽ ജീവനുവേണ്ടി പോരാടുന്ന പ്രേക്ഷകനെ അവഗണിച്ച് തമാശകൾ പറഞ്ഞ ഹാസ്യകലാകാരനെതിരെ രൂക്ഷ വിമർശനം. പിന്നീട് ഷോയുടെ ആദ്യ ദിവസത്തെ പരിപാടികൾ ഭാഗികമായി റദ്ദാക്കിയെങ്കിലും, സദസ്സിൽ ഒരാൾക്ക് സിപിആർ നൽകുന്നതിനിടെ ഏകദേശം 15 മിനിറ്റോളം കൊമീഡിയൻ ഷോ തുടർന്നതാണ് വിമർശനങ്ങൾക്ക് കാരണം.
ഷോ നടക്കുന്നതിനിടയിൽ പാരാമെഡിക്കൽ സംഘം ടോർച്ച് ലൈറ്റിന്റെ വെളിച്ചത്തിലാണ് സിപിആർ നൽകിയത്. “ഇത് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം കാര്യമാണ്. സമാന്തര യൂണിവേഴ്സിലാണോ ഇവർ ജീവിക്കുന്നതെന്ന് അറിയില്ല. മനുഷ്യ ജീവനെക്കാൾ ഷോ തുടരുന്നതിന് പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാവില്ല” എന്ന് ഒരു സമൂഹമാധ്യമ ഉപയോക്താവ് പ്രതികരിച്ചു.
സംഭവം നടക്കുമ്പോൾ മൂന്ന് കൊമേഡിയന്മാർ അഞ്ച് മിനിറ്റ് വീതം ഷോ നടത്തിയെന്നാണ് പരിപാടിയിൽ പങ്കെടുത്തവർ അറിയിച്ചത്. ഹൃദയാഘാതം നേരിട്ട വ്യക്തിയെ പരിചരിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതോടെ സദസ്സിൽ നിന്ന് ഷോ നടത്തുന്ന കൊമീഡിയനെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.
സിപിആർ നൽകുമ്പോഴും ആളുകൾ ചിരിക്കുകയും ഉയർന്ന ശബ്ദമുണ്ടാവുകയും ചെയ്തു. പിന്നീട് ജീവന് വേണ്ടി പോരാടിയ പ്രേക്ഷകൻ മരണത്തിന് കീഴടങ്ങി.