വലിയ ശമ്പളമുള്ള ജോലി, കുടുംബക്കാരും ബന്ധുക്കളും ഒക്കെ അടുത്തുണ്ട്. അപ്പോൾ, ആ കരിയർ ചേഞ്ച് ചെയ്യണം. മറ്റൊരു രാജ്യത്തെത്തണം, വ്യത്യസ്തമായ സംസ്കാരവും ജീവിതവും പരിചയിക്കണം. ഉള്ള ജോലി കളഞ്ഞ് അങ്ങനെയൊരു റിസ്കെടുക്കാൻ ആരെങ്കിലും തയ്യാറാകുമോ? അങ്ങനെ ചെയ്ത ഒരാളാണ് ഓസ്ട്രേലിയയിൽ താമസിക്കുന്ന ഒരു ഐറിഷ് യുവതിയായ കോളിൻ ഡീരെ എന്ന 35 -കാരി.
ബാങ്കിൽ ഉയർന്ന ശമ്പളത്തിന്റെ ജോലി, വലിയൊരു വീട് ഒക്കെയും കോളിന് ഉണ്ടായിരുന്നു. എന്നാൽ, എല്ലാം ഉപേക്ഷിച്ച് അവൾ അവിടം വിട്ടു. മറ്റൊരു രാജ്യത്തെത്തി. ഒരു ഹോസ്റ്റലിൽ താമസമാക്കി. അവിടെ ഒരു മുന്തിരി ഫാമിൽ ജോലി ചെയ്യാൻ തുടങ്ങി. അതിനുശേഷം, അവളുടെ ജീവിതം തന്നെ മറ്റൊന്നായി മാറി.
35 കാരിയായ കോളിൻ കാർലോയിലായിരുന്നു താമസം. ബിരുദപഠനത്തിന് ശേഷമാണ് അവൾ ബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങിയത്. കുടുംബത്തോടൊപ്പമായിരുന്നു താമസം. എന്നാൽ, 26 വയസ്സുള്ളപ്പോൾ അവൾ ഓസ്ട്രേലിയയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. അവൾ വീടുമായി വലിയ അടുപ്പം സൂക്ഷിച്ചിരുന്നതിനാൽ അവൾ ഉടനെ മടങ്ങിവരും എന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഓസ്ട്രേലിയയിൽ എത്തുമ്പോൾ ഏകദേശം 3.8 ലക്ഷം രൂപയായിരുന്നു അവളുടെ കയ്യിലുണ്ടായിരുന്നത്. 2015 ജനുവരിയിലാണ് അവധിക്കാല വർക്കിംഗ് വിസയിൽ അവൾ പെർത്തിൽ എത്തിയത്. അവിടെ ഒരു വർഷം നിന്നു. 2016 ഫെബ്രുവരിയിൽ രണ്ടാമത്തെ വർക്കിംഗ് വിസ നേടുകയും പെർത്തിലെ മുന്തിരിത്തോട്ടങ്ങളിൽ തൊഴിലാളിയായി ജോലി ആരംഭിക്കുകയും ചെയ്തു.
ഇതിനിടയിൽ അവൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ വച്ച് കണ്ടുമുട്ടിയ ടോം എന്ന യുവാവുമായി അവൾ പ്രണയത്തിലാവുകയും ചെയ്തു. ടോം ഇംഗ്ലീഷുകാരനായിരുന്നു. ഹോസ്റ്റലിൽ ഒരേ മുറിയാണ് ഇരുവരും ഷെയർ ചെയ്തത്. കോളിൻ ആഴ്ചയിൽ 27,000 രൂപ വരെ മുന്തിരിത്തോട്ടത്തിലെ ജോലിയിൽ നിന്നും നേടിയിരുന്നു. മുറിയുടെ വാടക അവർ ഒരുമിച്ചാണ് നൽകിയിരുന്നത്. ആഴ്ചയിൽ ഏകദേശം 900 രൂപയായിരുന്നു അത്. ടോം മുന്തിരി വയലുകളിൽ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്.
ഒരിക്കൽ ഇതിൽ നിന്നും പണം സ്വരൂപിച്ച് ഇരുവരും ചേർന്ന് ബാലിയിലേക്ക് ഒരു യാത്ര നടത്തി. തിരിച്ചെത്തിയാലുടൻ സിഡ്നിയിലേക്ക് പോകണമെന്ന് ഇരുവരും തീരുമാനിച്ചു. ഒടുവിൽ അവരാ പ്ലാൻ നടപ്പിലാക്കുക തന്നെ ചെയ്തു. രണ്ടുപേരും സിഡ്നിയിലേക്ക് പോയി. ടോം നിർമ്മാണ മേഖലയിലും കോളിൻ ട്രെയിനി റിക്രൂട്ടിംഗ് അസിസ്റ്റൻ്റായും ജോലിയിൽ പ്രവേശിച്ചു. ഇരുവർക്കും ഒരു മകനും ജനിച്ചു.
2023 ഡിസംബറിൽ ഇരുവരും പൗരത്വം നേടി, കുട്ടി ഓസ്ട്രേലിയൻ പൗരനായി ജനിച്ചു. ചെലവ് കുറവായതിനാലും നാല് മുറികളുള്ള വീട് വാങ്ങാൻ തങ്ങളെക്കൊണ്ട് കഴിയുമെന്നതിനാലും അവർ ഉടൻ തന്നെ പെർത്തിലേക്ക് താമസം മാറുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കോളിനും ടോമിനും മറ്റുള്ളവരോട് പറയാനുള്ളത് അതാണ്, സ്വന്തം രാജ്യം വിടുക, പുതിയൊരു കരിയർ തിരഞ്ഞെടുക്കുക ഇതിനൊന്നും ഭയക്കേണ്ടതില്ല. ജോലി ചെയ്യാനുള്ള മനസും ആത്മവിശ്വാസവും കരളുറപ്പുമുണ്ടെങ്കിൽ എല്ലാ സ്വപ്നവും നടക്കും.