കൊച്ചി: കൊച്ചി കപ്പൽശാലയ്ക്ക് യൂറോപ്പിൽ നിന്ന് 1000 കോടി രൂപയുടെ കരാർ. ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസലിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമായാണ് കരാർ ലഭിച്ചതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. സുസ്ഥിര ഊർജ സംവിധാനങ്ങൾക്ക് വൻ ആവശ്യകതയുള്ള യൂറോപ്പിൽ, കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഓഫ്ഷോർ വിൻഡ് ഫാം മേഖലയ്ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമാണ് ഈ യാനം ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു.
ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ ഇതിൽ സജ്ജീകരിക്കും. കേരളത്തിലേക്ക് ഇത്തരം വലിയ കരാറുകൾ എത്തിച്ചേരുന്നത് എം എസ് എം ഇ സംരംഭങ്ങൾക്ക് കൂടി വലിയ മുന്നേറ്റം കാഴ്ച വെക്കാനുള്ള അവസരം ഒരുക്കുകയാണ്. നിലവിൽ ലഭിച്ചിരിക്കുന്ന ഓർഡർ 2026 അവസാനത്തോടെ പൂർത്തിയാക്കാനാകുമെന്നാണ് കൊച്ചിൻ ഷിപ് യാർഡ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ജനുവരിയിൽ യൂറോപ്പിൽനിന്നു തന്നെ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ രൂപകൽപ്പന ചെയ്യാനും നിർമിക്കാനുമായുള്ള 500 കോടിയുടെ കരാറും കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ഷിപ് യാർഡ് നേടിയിരുന്നു.