കൊച്ചി: ക്യാൻസർ സെന്ററിന്റെ കെട്ടിടനിർമ്മാണം ഈ വർഷം നവംബറിൽ പൂർത്തിയാകും. കിടത്തി ചികിത്സക്ക് നൂറ് കിടക്കകളുമായി ഒന്നാംഘട്ടം തുടങ്ങും. വിദേശത്ത് നിന്നടക്കം യന്ത്രങ്ങൾ എത്തിക്കേണ്ടതാണ് നടപടികൾ വൈകുന്നതിന് കാരണം. ഈ സാഹചര്യത്തിൽ ചികിത്സ പൂർണ്ണ തോതിൽ ലഭ്യമാകാൻ സമയമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
കൊച്ചി കാൻസർ സെന്റർ ഏഴ് മാസത്തിനുള്ളിൽ ഭാഗികമായി യാഥാർത്ഥ്യമാകും. 100 കിടക്കകളുമായാണ് ചികിത്സ തുടങ്ങുക. ഇറക്കുമതി ചെയ്യേണ്ടതുൾപ്പടെ 210 കോടി രൂപയുടെ ഉപകരണങ്ങൾ ഇനി വേണം. ഇതിനായി ആരോഗ്യമന്ത്രി, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവരുമായി ഉടൻ യോഗം ചേരുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിലൊതുങ്ങിയ പദ്ധതിയായിരുന്നു ഇത്. പിന്നീട് 2018 മെയ് മാസത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തറക്കലിട്ടത്. 400 കിടക്കകളും 800 ഒപി ചികിത്സക്കുള്ള സൗകര്യവുമാണ് പ്രഖ്യാപിച്ചത്. നിർമ്മാണത്തിനിടെ കെട്ടിടം ഇടിഞ്ഞ് വീണതും കരാറുകാരെ മാറ്റേണ്ടി വന്നതും കാലതാമസം വരുത്തി. ഒടുവിൽ ഒന്നാം ഘട്ടം തുടങ്ങി ആറ് വർഷത്തിനുള്ളിൽ മാത്രമാകും പൂർണ്ണതോതിൽ കാൻസർ സെന്റർ പ്രവർത്തിക്കുക എന്നതാണ് നിലവിലെ വിവരം.
കളമശേരിയിലെ മെഡിക്കല്‍ കോളജിന്റെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കും വരുന്ന ഒക്ടോബറിൽ പൂർത്തിയാകും. 368 കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്ക്.ഇരു പദ്ധതികളുടെയും സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ച് നിയമനങ്ങളും നടത്തേണ്ടതുണ്ട്. മെഡിക്കല്‍ കോളേജ് സ്റ്റാഫ് പാറ്റേണ്‍ സാമ്പത്തിക വകുപ്പിന്റെ പരിഗണനയിലുമാണ്.