കാൻബറ: ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് തീരത്ത് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ പിടികൂടിയത് 2300 കിലോഗ്രാം (2.3 ടൺ) ലഹരിമരുന്ന് (കൊക്കെയ്ൻ), സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കേടായ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടയുണ്ടായത്. ഓസ്ട്രേലിയൻ തീരപ്രദേശങ്ങൾ മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ ഇഷ്‌ടകേന്ദ്രങ്ങളായി മാറുന്നതിൽ വലിയ ആശങ്കയാണ് ഓസ്ട്രേലിയൻ പൊലീസ് പങ്കുവയ്ക്കുന്നത്. സംഭവത്തിൽ 13 പേരാണ് അറസ്റ്റിലായത്.
ബ്രിസ്ബെയ്നിലെ ഹെർവി ബേയിൽ ബുണ്ടാബെർഗിലേക്ക് പോവുകയായിരുന്ന ബോട്ടിൽ നിന്നാണ് 2.34 ടൺ കൊക്കെയ്ൻ പിടിച്ചെടുത്തത്. ബ്രിസ്‌ബെയ്‌നിൽ നിന്ന് 300 കിലോമീറ്റർ അകലെയാണ് ഹെർവി ബേ എന്ന ക്വീൻസ്ലൻഡ് തീരദേശ പട്ടണം.
പിടികൂടിയ കൊക്കെയിന് കോടികളാണ് വില. ഏകദേശം 760 മില്യൺ ഓസ്ട്രേലിയൻ ഡോളർ. ക്വീൻസ്ലൻഡ് തീരത്ത് സംശയാസ്‌പദ സാഹചര്യത്തിൽ ബോട്ട് കണ്ടതോടെയാണ് അധികൃതർ പരിശോധന നടത്തിയത്. തെക്കേ അമേരിക്കൻ രാജ്യത്ത് നിന്ന് കടത്തിയ മയക്കുമരുന്നാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
മയക്കുമരുന്ന് കടത്തിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് വൻ കൊക്കെയിൻ കടത്ത് പിടികൂടിയതെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് കമാൻഡർ സ്റ്റീഫൻ ജേ പറഞ്ഞു. ബോട്ട് തകരാറിലായതാണ് ഉദ്യോഗസ്ഥർക്ക് അനുകൂലമായത്.
തീരത്ത് നിന്ന് നൂറു കണക്കിന് കിലോമീറ്റർ അകലെയുള്ള മദർഷിപ്പിൽ നിന്ന് കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്ന് കടത്താൻ സംഘം രണ്ട് തവണ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. മദർഷിപ്പ് പിടികൂടാനായില്ല.
ചിലർ ബോട്ടിൽ വച്ച് പിടിയിലായപ്പോൾ മറ്റുള്ളവർ തീരത്ത് കാത്തുനിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ രണ്ട് പേർ 18 വയസിന് താഴെയുള്ളവരാണെന്നും എല്ലാവരും ഓസ്ട്രേലിയൻ പൗരന്മാരാണെന്നും പൊലീസ് അറിയിച്ചു. മുൻപ് ഒരു ടണ്ണിലധികം കൊക്കെയ്ൻ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ ഓസ്ട്രേലിയയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ കൊക്കെയിൻ വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് പൊലീസ് അറിയിച്ചു.
കടൽമാർഗം ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ജീവപര്യന്തം തടവാണ് ഈ കുറ്റത്തിന് പരമാവധി ശിക്ഷ.
ചെറിയ മത്സ്യബന്ധന ഗ്രാമമായ ഹെർവി ബേയിൽ ഇത്തരമൊരു സംഭവം ഉണ്ടായതിൽ പ്രദേശവാസികൾ ഞെട്ടലിലാണ്.
പൊലീസിന്റെ കണ്ണെത്താത്ത ചെറിയ തീരപ്രദേശങ്ങളാണ് ഇപ്പോൾ മയക്കുമരുന്ന് കടത്തുകാരുടെ ഇഷ്ടകേന്ദ്രങ്ങളെന്ന് ക്വിൻസ്ലൻഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്നോളജി സ്കൂൾ ഓഫ് ജസ്റ്റിസിലെ അസോസിയേറ്റ് പ്രൊഫസർ മാർക്ക് ലോച്ച്സ് പറഞ്ഞു.
പരമ്പരാഗതമായി സിഡ്‌നിയിൽ നിന്നാണ് കൊക്കെയ്ൻ വിതരണം ചെയ്യുന്നത്. എന്നാൽ പോലീസ് സാന്നിധ്യം ശക്തമാക്കിയതിനാൽ ഇപ്പോൾ അപൂർവമായി മാത്രമേ സിഡ്‌നിയിലേക്ക് കൊണ്ടുവരാറുള്ളൂ’ ഡോ ലോച്ച്സ് പറഞ്ഞു. ചെറിയ തീരപ്രദേശങ്ങൾ രാജ്യത്തേക്ക് കള്ളക്കടത്ത് കൊണ്ടുവരുന്നത് എളുപ്പമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.