എറണാകുളം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ഇന്നും ചോദ്യം ചെയ്യുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് അദ്ദേഹത്തെ ഇ ഡി ചോദ്യം ചെയ്യുന്നത്.ഇന്നലെ പത്തര മണിക്കൂർ സിഎം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് ഇന്നും ചോദ്യം ചെയ്യുന്നത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ അഴിമതിയിൽ ഇ.ഡി എടുത്ത കള്ളപ്പണകേസിൽ ശിവശങ്കറിന് ശേഷം അന്വേഷണ സംഘം ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ രണ്ടാമത്തെയാളാണ് സി.എം രവീന്ദ്രൻ. കരാർ കിട്ടാൻ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ കോഴ നൽകിയതും ഇതുമായി ബന്ധപ്പെട്ട വഴിവിട്ട നടപടികളും രവീന്ദ്രന് അറിയാമായിരുന്നോ എന്നതിലാണ് വിവരങ്ങൾ തേടുന്നത്.
ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ അറിവോടെയാണെന്നാണ് സ്വപ്നയുടെ മൊഴി. ലൈഫ് മിഷൻ കോഴയിൽ രവീന്ദ്രന്റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ആദ്യ തവണ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ നിയമസഭാ സമ്മേളനം നടക്കുന്നത് ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഒഴിവായിരുന്നു. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകൾക്കും അപ്പുറം കേസിൽ രവീന്ദ്രനെ ബന്ധിപ്പിക്കാനാകുന്ന കൂടുതൽ കാര്യങ്ങൾ ഇഡിക്ക് കണ്ടെത്താനാകുമോ എന്ന ചോദ്യങ്ങളും കേസുമായി ബന്ധപ്പെട്ട് ഉയരുന്നു