തിരുവനന്തപുരം: വിശ്വാസസംബന്ധമായ വിഷയങ്ങളിൽ പരാമർശങ്ങൾ ജാഗ്രതയോടെ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് മിത്ത് വിവാദം പരാമർശിക്കാതെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ധാരാളം വിശ്വാസികൾ എൽഡിഎഫിനൊപ്പമുണ്ട്. പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയപ്പെടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മിത്ത് വിവാദത്തിൽ ഇതുവരെയും മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, മിത്ത് വിവാദം നിയമസഭയിൽ ആളിക്കത്തിക്കേണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്. വർഗ്ഗീയശക്തികളുടെ മുതലെടുപ്പിന് തടയിടാനാണ് മിത്ത് സഭയിൽ കത്തിക്കേണ്ടെന്ന തീരുമാനത്തിലേക്ക് യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗമെത്തിയത്. വിശ്വാസ പ്രശ്നം ശക്തമായി ഉന്നയിച്ച എൻഎസ്എസ് കൂടുതൽ പ്രത്യക്ഷ സമരം വേണ്ടെന്ന് തീരുമാനിച്ചത് പക്വമായ നിലപാടെന്ന് യുഡിഎഫ് പ്രശംസിച്ചു. എന്നാല്‍, പരാമര്‍ശത്തില്‍ സ്പീക്കർ തിരുത്തണമെന്ന ആവശ്യത്തിൽ നിന്ന് യുഡിഎഫ് പിന്നോട്ടില്ല. അതേസമയം, കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ മിത്തിൽ ഒത്തുതീർപ്പിലെത്തിയെന്ന് ബിജെപി ആരോപിച്ചു.