മ്യൂണിച്ച്: വിമാനത്താവളങ്ങളിൽ കടന്നുകയറി കൈവെള്ളയിൽ പശതേച്ച് റൺവേയിൽ ഒട്ടിച്ചുവെച്ച് പരിസ്ഥിതി പ്രവർത്തകരുടെ സമരം. ജർമനിയിലെ ‘ലാസ്റ്റ് ജനറേഷൻ’ എന്ന സംഘടനയിലെ അംഗങ്ങളാണ് കടുംകൈ ചെയ്തത്. ശക്തമായി ഒട്ടിപ്പിടിച്ചതിനാൽ ഇവരുടെ കൈ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് റിപ്പോർട്ട്. സമരത്തെ തുടർന്ന് വിമാന സർവീസുകൾ അവതാളത്തിലായി. സംഘടനയിലെ രണ്ട് പ്രവർത്തകാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സമരം നടത്തിയത്. ഹാംബർഗിലെയും ഡസൽഡോർഫിലെയും വിമാനത്താവളങ്ങളുടെ റൺവേകളിൽ കൈകൾ ഒട്ടിച്ചത്.
കോൺക്രീറ്റും എപ്പോക്സി റെസിനും കൂട്ടിച്ചേർത്താണ് കൈകൾ ഒട്ടിച്ചത്. പൊലീസും ആരോഗ്യപ്രവർത്തകരും കൈകൾ എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൈകൾ പ്രതലത്തിൽ നിന്ന് എടുത്തുമാറ്റാനാകില്ലെന്നും മുറിച്ചുമാറ്റേണ്ടി വരുമെന്നും അധികൃതർ സൂചിപ്പിച്ചു. പ്രവർത്തകരുടേത് ധീരമായ നീക്കമാണെന്ന് പരിസ്ഥിതി പ്രേമികൾ സോഷ്യൽമീഡിയയിൽ അഭിപ്രായപ്പെട്ടപ്പോൾ കടന്ന കൈയായെന്ന് വിമർശനവുമുയർന്നു. ഹാംബർഗ് വിമാനത്താവളത്തിൽ 36 വിമാനങ്ങൾ റദ്ദാക്കിയപ്പോൾ 10 എണ്ണം വഴി തിരിച്ചുവിട്ടു.
2023 ഓടെ കാർബൺ ഉദ്വമനത്തിന്റെ തോത് കുറയ്ക്കുക എന്നതാണ് ‘ലാസ്റ്റ് ജനറേഷൻ’ സംഘടനയുടെ പ്രധാന ആവശ്യം. കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ലോക രാജ്യങ്ങളിലെ സർക്കാരുകൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ഇവർ ആരോപിച്ചു. കാർബൺ ബഹിർഗമനം അധികമായിട്ടും കൂടുതൽ ആളുകൾ വിമാന യാത്ര തിരഞ്ഞെടുക്കുന്നുവെന്നും ഇവർ പറഞ്ഞു. 2021 ഓഗസ്റ്റിലാണ് ഈ സംഘടന രൂപം കൊള്ളുന്നത്.
കടുത്ത സമരമാർഗത്തിലൂടെ വേഗത്തിൽ ജനശ്രദ്ധ നേടി. ഇവരുടെ നിരാഹാര സമരത്തിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് വരെ പങ്കെടുത്തു. നേരത്തെ റോഡുകളിൽ കൈ പതിച്ച് ഗതാഗതം തടയുകയും പോട്സ്ഡാമിലെ ഒരു മ്യൂസിയത്തിലെ പെയിന്റിങ്ങിൽ ഉരുളക്കിഴങ്ങ് എറിയുകയും ചെയ്തിരുന്നു. സമരമാർഗം ജനത്തെ ബാധിച്ചതോടെ പൊലീസ് ഇടപെട്ടു. പിഴ ചുമത്തുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നാണ് കടുത്ത സമരവുമായി വീണ്ടും സജീവമായത്.