പെർത്ത്: പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടക്കുന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ (നഗരസഭ) മത്സരിക്കുന്ന മലയാളിയായ ആൽവിൻ വടക്കേടത്തിന് പിന്തുണയുമായി മുൻ എം.എൽ.എയും ഓസ്ട്രേലിയൻ ക്രിസ്ത്യൻ ലോബി (എ.സി.എൽ) എന്ന ക്രൈസ്തവ സംഘടനയുടെ സംസ്ഥാന ഡയറക്ടറുമായ പീറ്റർ ആബെറ്റ്സ്. എ.സി.എൽ അംഗങ്ങൾക്കായി അയച്ച ഇ-മെയിലിലാണ് പീറ്റർ ആബെറ്റ്സ് ആൽവിന് പിന്തുണ അറിയിച്ചത്. ഗോസ്റ്റൽസ് സിറ്റി കൗൺസിലിലേക്കാണ് ആൽവിൻ വടക്കേടത്ത് (25) മത്സരിക്കുന്നത്.
സ്ഥാനാർത്ഥികളെക്കുറിച്ച് നിരവധി പേർ അഭിപ്രായം തേടിയപ്പോഴാണ് ആൽവിന് പിന്തുണയുമായി താൻ രംഗത്തെത്തിയതെന്ന് പീറ്റർ ആബെറ്റ്സ് വ്യക്തമാക്കി.ആൽവിൻ വടക്കേടത്ത് ഏറെ കഴിവുകളുള്ള വ്യക്തിയാണെന്നും എ.സി.എൽ എന്ന സംഘടനയുടെ ക്രിസ്ത്യൻ മൂല്യങ്ങൾ പിന്തുടരുന്ന യുവാവുമാണെന്നും പീറ്റർ ആബെറ്റ്സ് വ്യക്തമാക്കി. അതിനാൽ വോട്ട് ചെയ്യുമ്പോൾ ആൽവിൻ വടക്കേടത്തിനെ പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ആൽവിൻ ഉൾപ്പെടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നടക്കുന്ന സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ (നഗരസഭ) ആറു മലയാളികൾ മത്സര രംഗത്തുണ്ട്. അർമഡെയിൽ സിറ്റി കൗൺസിലിലെ റിവർ വാർഡിൽ നിന്നും മത്സരിക്കുന്ന ജിബി ജോയി പുളിക്കലാണ് മറ്റൊരു മലയാളി സ്ഥാനാർത്ഥി. റാൻഫോർഡ് വാഡിൽ നിന്നും മത്സരിക്കുന്ന ടോണി തോമസ്, ഷാനവാസ് പീറ്റർ, അർമഡെയിൽ സിറ്റി കൗൺസിലിലേക്ക് ലെയ്ക്ക് വാർഡിൽ നിന്നും മത്സരിക്കുന്ന രഞ്ജു എബ്രഹാം രാജു, സിറ്റി ഓഫ് കാനിംഗിലെ നികോൾസൺ വാർഡിൽ നിന്നുള്ള രവീഷ് ജോൺ എന്നിവരും ശ്രദ്ധേയ സാന്നിധ്യങ്ങളാണ്. ഇവരുടെ വിജയത്തിനായി വിപുലമായ പ്രചാരണവും നടക്കുന്നുണ്ട്.