റിയാദ്: സൗദി പ്രൊ ലീഗില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അള് നസ്റിന് ഞെട്ടിക്കുന്ന തോല്‍വി. അല്‍ എതതിഹാദാണ് അല്‍ നസ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കളി തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ റൊമാരീഞ്ഞോ ആണ് അല്‍ എത്തിഹാദിന്റെ വിജയ ഗോള്‍ നേടിയത്.
പന്തടക്കത്തിലും പാസിംഗിലും അല്‍ നസ്റിനെ നിഷ്ടപ്രഭമാക്കിയാണ് അല്‍ എത്തിഹാദ് വിജയം നേടിയത്. ജയത്തോടെ സൗദി പ്രോ ലീഗില്‍ അള് നസ്റിനെ പിന്തള്ളി 20 കളികളില്‍ 47 പോയന്റുമായി അല്‍ എത്തിഹാദ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 20 കളികളില്‍ 46 പോയന്റുള്ള അല്‍ നസ്ര് രണ്ടാം സ്ഥാനത്താണ്. 43 പോയന്റുള്ള അല്‍ ഷബാബ് ആണ് മൂൂന്നാമത്.തോല്‍വിയില്‍ അസ്വസ്ഥനായ റൊണാള്‍ഡോയെ സഹതാരങ്ങള്‍ ആശ്വസിക്കാന്‍ ശ്രമിച്ചങ്കിലും ഫലവത്തായില്ല. മത്സരത്തിനുശേഷം ഗ്രൗണ്ട് വിടുമ്പോള്‍ സഹതാരങ്ങളോട് രോഷമടക്കാനാവാതെ റൊണാള്‍ഡോ ടച്ച് ലൈനിന് പുറത്തു കിടന്ന വെള്ളക്കുപ്പികള്‍ ചവിട്ടിത്തെറിപ്പിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. മത്സരത്തില്‍ തന്റെ സഹതാരങ്ങളുടെ പ്രകടനത്തില്‍ റൊണാള്‍ഡോ തീര്‍ത്തും അസ്വസ്ഥനായിരുന്നു.
മത്സരത്തിനിടെ മെസി മുദ്രാവാക്യങ്ങളുമായി എല്‍ എത്തിഹാദ് ആരാധകര്‍ റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.ലോകകപ്പ് ഫുട്ബോളിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട റൊണാള്‍ഡോ റെക്കോര്‍ഡ് തുകക്കാണ് സൗദി ക്ലബ്ബായ അല്‍ നസ്റിലെത്തിയത്. രണ്ടരവര്‍ഷത്തേക്കാണ് അല്‍ നസ്റുമായി റൊണാള്‍ഡോ കരാറൊപ്പിട്ടത്. സീസണില്‍ ഇതുവരെ രണ്ട് ഹാട്രിക്ക് അടക്കം എട്ടു ഗോളുകള്‍ നേടി റൊണാള്‍ഡോ സൗദി പ്രോ ലീഗിലും തിളങ്ങിയിരുന്നു.