ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്റെ വീഡിയോകള്‍ കണ്ട് മടുത്തിരിക്കുകയാണ് നാം. ഇപ്പോഴിതാ പുത്തനൊരു പരീക്ഷണ ഐറ്റം കൂടി സൈബര്‍ ലോകത്ത് പ്രചരിക്കുന്നുണ്ട്. ചോക്ലേറ്റിലാണ് ഇത്തവണത്തെ പരീക്ഷണം. ചോക്ലേറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ചോക്ലേറ്റിന്റെ പല ഫ്ലേവറും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇതാ വിചിത്രമെന്ന് തോന്നിക്കുന്ന ഒരു കോമ്പിനേഷനിലുള്ള ചോക്ലേറ്റിന്റെ ചിത്രം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നോര്‍ത്തേണ്‍ ഐറിഷ് ചോക്ലേറ്റ് കമ്പനിയാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. അവരുടെ ലിമിറ്റഡ് എഡിഷന് ചോക്ലേറ്റിലാണ് ഈ പരീക്ഷണം കാണാന്‍ കഴിയുന്നത്. ഈ ചോക്ലേറ്റിന്റെ പ്രധാന ചേരുവകള്‍ ചീസും ഉള്ളിയുമാണെന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത. ട്വിറ്ററിലൂടെ ആണ് ഈ ചോക്ലേറ്റിന്റെ ചിത്രം പ്രചരിക്കുന്നത്. ഇത് ചോക്ലേറ്റുകളുടെ ചരിത്രത്തിലെ ഏറ്റവും മോശം കോമ്പിനേഷനാണെന്ന് അടികുറിപ്പെഴുതിയാണ് ഒരാള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഈ ട്വീറ്റ് വളരെ വേഗത്തിലാണ് ചര്‍ച്ചയായി മാറിയത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. ഈ പരീക്ഷണം ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നില്ല എന്നാണ് ചോക്ലേറ്റ് പ്രേമികള്‍ പറയുന്നത്. എന്നാല്‍ വിവാദത്തോട് ചോക്ലേറ്റ് കമ്പനി ഇതുവരെയും പ്രതികരിച്ചിട്ടില്ല.