ബ്രിസ്ബന്‍: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാജ്ഞലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്ക്കും പ്രയോജനപ്പെടുത്താമെന്ന് കേരള സർക്കാർ.
പ്രവാസികാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ക്കും നടനും എഴുത്തുകാരനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ.മാത്യു സമര്‍പ്പിച്ച നിവേദനത്തിന് നല്കിയ മറുപടി കത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്, എ.എം.ആരിഫ് എംപി എന്നിവര്‍ മുഖേനയാണ് ലക്ഷകണക്കിന് വരുന്ന പ്രവാസി മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരും കലാകാരന്മാരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയും നോര്‍ക്കയുടെയും പിന്തുണ ആവശ്യപ്പെട്ട് ജോയ് കെ.മാത്യു നിവേദനം സമര്‍പ്പിച്ചത്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ പാക്കേജ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡി ആനുകൂല്യത്തിന് പ്രവാസികളും അര്‍ഹരാണെന്ന് നിവേദനത്തിന് നല്കിയ മറുപടി കത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കി.
കൂടാതെ വനിതാ സംവിധായകരെയും പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിലും ഈ വിഭാഗത്തില്‍പ്പെട്ട പ്രവാസി കലാകാരന്മാര്ക്ക് അപേക്ഷ നല്‍കാം.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് മുഖേനയുള്ള സര്‍ക്കാരിന്റെ ഒടിടി പദ്ധതി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ പ്രവാസി ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ ചലച്ചിത്ര, ടെലിവിഷന്‍ മേഖലയിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസി കലാകാരന്മാരാണ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നത്. പ്രവാസത്തിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നിര്‍മിക്കുന്ന ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നതിൽ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സും സംസ്ഥാന സര്‍ക്കാരും കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കിടയിലെ കലാകാരന്മാര്ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിച്ചതെന്ന് ജോയ്.കെ.മാത്യു പറഞ്ഞു.ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശിയാണ്.