ബീജിങ്: ചൈനയുടെ ജനസംഖ്യ മൂന്നാം വർഷവും കുറഞ്ഞു. ജനസംഖ്യയിൽ ഇടിവുണ്ടായെന്ന് ചൈനീസ് സർക്കാർ തന്നെയാണ് അറിയിച്ചത്. പ്രായമായവരുടെ ജനസംഖ്യയും ഉയരുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ചൈന നേരിടുന്നത്. 2004 അവസാനത്തോടെ ചൈനയുടെ ജനസംഖ്യ 1.408 ബില്യൺ ആയിരുന്നു. മുൻ വർഷം 1.39 ദശലക്ഷത്തിൻ്റെ കുറവുണ്ടായി. കിഴക്കൻ ഏഷ്യയിൽ, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ അവരുടെ ജനനനിരക്ക് കുത്തനെ ഇടിയുകയാണ്.
വർധിച്ചുവരുന്ന ജീവിതച്ചെലവ് കാരണവും ഉന്നത വിദ്യാഭ്യാസവും ജോലിയും ആഗ്രഹിക്കുന്നതിനാലും വിവാഹത്തിലും പ്രസവത്തിലും യുവാക്കൾക്ക് താൽപര്യമില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനവും 1949-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതിനുശേഷവും വെറും മൂന്ന് പതിറ്റാണ്ടിനുള്ളിൽ ചൈനയിൽ ജനസംഖ്യ ഇരട്ടിയായി. എന്നാൽ, പിന്നീട് ജനസംഖ്യ നിയന്ത്രിക്കാൻ ‘ഒറ്റ കുട്ടി നയം’ നടപ്പിലാക്കാൻ തുടങ്ങിയതോടെ ജനസംഖ്യ കുറയാൻ തുടങ്ങി.
എന്നാൽ, ഇപ്പോൾ നയത്തിൽ മാറ്റം വരുത്തി ജനന നിരക്ക് വർധിപ്പിക്കാനാണ് ശ്രമം. 2023-ൽ ചൈനയുടെ മൊത്തം ജനസംഖ്യ പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി കുറയുകയും അതേ വർഷം തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ചൈനയെ പിന്തള്ള ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. റിപ്പോർട്ട് പ്രകാരം ചൈനീസ് ജനസംഖ്യയുടെ അഞ്ചിലൊന്നിൽ കൂടുതൽ പേർ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. 2035-ഓടെ, ഈ സംഖ്യ 30% കവിയുമെന്ന് പ്രവചിക്കപ്പെടുന്നു.