ബാഗോട്ട: കൊളംബിയയിലെ ബാഗോട്ടയിലെ ആശുപത്രിയില്‍നിന്ന് വരുന്നതും സന്തോഷ വാര്‍ത്തകള്‍ തന്നെ. വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടിലകപ്പെട്ട് 40 ദിവസത്തിന് ശേഷം കണ്ടെത്തിയ നാലു കുഞ്ഞുസഹോദരങ്ങള്‍ അവിടെ സുഖമായിരിക്കുന്നു.
പോഷകാഹാരക്കുറവും പ്രാണികളും മറ്റും കടിച്ച ചെറിയ മുറിവുകളും ഒഴിച്ചാല്‍ കുട്ടികള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ല. ഭക്ഷണം കഴിക്കാൻ ചെറിയ പ്രയാസമുണ്ട്.
ആഴ്ചകളായി കാട്ടില്‍ കഴിഞ്ഞതു കൊണ്ട് സാധാരണ ഭക്ഷണശീലവുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കുമെന്നും ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കാട്ടില്‍ അവര്‍ പാഷൻഫ്രൂട്ടിന് സമാനമായ ‘അവിച്യൂര്’ എന്ന പഴമാണ് കാര്യമായി കഴിച്ചിരുന്നത്. വിമാനം തകര്‍ന്ന സ്ഥലത്ത് നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയാണ് പഴമുള്ള മരം കണ്ടെത്തിയത്. വിളഞ്ഞുനില്‍ക്കുന്ന സമയമായത് ആശ്വാസമായി.
രണ്ട് കുട്ടികള്‍ കളിക്കുന്നുണ്ടെന്നും മാനസികാരോഗ്യം കൂടി ഉറപ്പാക്കിയേ ആശുപത്രിയില്‍നിന്ന് അയക്കൂ എന്നും കൊളംബിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി വെല്‍ഫെയര്‍ ജനറല്‍ ഡയറക്ടര്‍ ആസ്ട്രിഡ് കാസെറെസ് പറഞ്ഞു. രണ്ടോ മൂന്നോ ആഴ്ച നിരീക്ഷണത്തിനായി ആശുപത്രിയില്‍ കിടത്തും. രണ്ട് കുട്ടികളുടെ പിറന്നാള്‍ കാട്ടില്‍ കഴിഞ്ഞ 40 ദിവസത്തിനുള്ളിലായിരുന്നു. പിറന്നാളിനെ കുറിച്ചൊന്നും അവര്‍ക്ക് ആലോചിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ദുര്‍ബലമായ ആരോഗ്യാവസ്ഥ കാരണം കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് പരിമിതിയുണ്ട്.
പിതാവ് മാനുവല്‍ റണോയും മുത്തശ്ശിയും മറ്റ് അടുത്ത ബന്ധുക്കളും ആശുപത്രിയിലുണ്ട്. അമ്മ മഗ്ദലീന മുകുതുയ് പകര്‍ന്നുനല്‍കിയ മഴക്കാടുകളെക്കുറിച്ചുള്ള അറിവാണ് മൂത്തകുട്ടിക്ക് ഇളയവരെ സംരക്ഷിക്കാൻ സഹായകമായതെന്ന് മുത്തച്ഛൻ ഫിഡെറെൻഷ്യോ വലൻസ്യ പറഞ്ഞു. എന്നാല്‍, മാതാവ് മരിച്ചുപോയെന്ന യാഥാര്‍ഥ്യം മനസ്സിലാക്കാനുള്ള പ്രായം ചെറിയ കുട്ടികള്‍ക്ക് ആയിട്ടില്ല. ജേക്കബോംബെയര്‍ മുകുതുയ് (13), സോളിനി ജേക്കബോംബെയര്‍ മുകുതുയ് (9), ടിയാൻ നോറെ റനോക് മുകുതുയ് (4) എന്നീ പെണ്‍കുട്ടികളും 11 മാസം മാത്രം പ്രായമുള്ള ക്രിസ്റ്റ്യൻ നെറിമാൻ റനോക് മുകുതുയ് എന്ന കുഞ്ഞനുജനുമാണ് ആമസോണ്‍ മഴക്കാട്ടില്‍ അകപ്പെട്ടത്.
ഭര്‍ത്താവിനെ കാണാനായി മഗ്ദലീന മക്കളോടൊപ്പം മേയ് ഒന്നിന് ചെറുവിമാനത്തില്‍ നടത്തിയ യാത്രയിലായിരുന്നു അപകടം. മാതാവിന്റെയും രണ്ട് പൈലറ്റുമാരുടെയും മൃതദേഹം മേയ് 15ന് കണ്ടെടുത്തു. കുട്ടികളെക്കുറിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് വിവരമൊന്നും ലഭിച്ചില്ല. പിന്നീട് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നാണ് കുട്ടികള്‍ വിമാനാപകടം നടന്ന സ്ഥലത്തുനിന്ന് നടന്നുതുടങ്ങിയതായി വ്യക്തമായത്.