തെക്കുപടിഞ്ഞാറൻ സിഡ്നിയിലെ ഗ്ലെൻഫീൽഡിലാണ് വ്യാഴാഴ്ച ദാരുണമായ ദുരന്തമുണ്ടായത്.ഗ്ലെൻഫീൽഡിലെ റെയിൽവേ പരേഡിൽ നിർത്തിയിട്ടിരുന്ന കാറിൽ രാവിലെ മുതൽ വൈകിട്ട് മൂന്നു മണിവരെയാണ് മൂന്നു വയസുകാരൻ ഒറ്റയ്ക്കിരുന്നത്.കുട്ടിയുടെ അച്ഛൻ രാവിലെ കാർ ഇവിടെ പാർക്ക് ചെയ്ത ശേഷം പോകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.പ്രദേശത്ത് 34 ഡിഗ്രി സെൽഷ്യസോളമായിരുന്നു വ്യാഴാഴ്ചത്തെ ചൂട്.മൂന്നു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ചുട്ടുപഴുത്ത കാറിനുള്ളിൽ കുഞ്ഞിനെ കണ്ടത്.
തുടർന്ന് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, സംഭവസ്ഥലത്ത് തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.
ദിവസം മുഴുവൻ കുഞ്ഞ് കാറിനുള്ളിലായിരുന്നു എന്നാണ് ലഭിച്ച വിവരമെന്ന് NSW പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.കുട്ടിയുടെ പിതാവിനെ ക്യാംപൽടൗൺ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തു.
അദ്ദേഹത്തിനെതിരെ കേസെടുക്കാതെ വിട്ടയച്ചു എന്ന് പൊലീസ് അറിയിച്ചു.രാവിലെ കാർ നിർത്തി പോയപ്പോൾ, കുട്ടി കാറിനുള്ളിലുണ്ടായിരുന്ന കാര്യം മറന്നുപോയി എന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞതെന്ന് സെവൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.കുട്ടികളെ ഒറ്റയ്ക്ക് കാറിലാക്കാൻ പാടില്ല എന്നാണ് ഓസ്ട്രേലിയയിലെ നിയമം.
കുറച്ചു നേരം പോലും അടച്ചിട്ടിരിക്കുന്ന കാറിലിരിക്കുന്നത് കുട്ടികൾക്ക് മാരകമാകാം എന്ന് കിഡ്സേഫ് വെബ്സൈറ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.വർഷം ശരാശരി 5,000 കുട്ടികളെയെങ്കിലും ഇത്തരത്തിൽ ചുട്ടുപൊള്ളിയ കാറുകളിൽ നിന്ന് രക്ഷപ്പെടുത്താറുണ്ടെന്നും കിഡ്സേഫ് വ്യക്തമാക്കി. ഇതിൽ കൂടുതലും രക്ഷിതാക്കൾ കാറിൽ കുട്ടികളുണ്ടെന്ന കാര്യം മറുന്നുപോകുന്നതാണ്.