ബാഗില്‍ ചിക്കൻ സാൻഡ്വിച്ചുണ്ട് എന്ന് വെളിപ്പെടുത്താൻ മറന്നുപോയ 77 -കാരിക്ക് $3300 (2,75,100 ഇന്ത്യൻ രൂപ) പിഴ ചുമത്തി.
ജൂണ്‍ ആംസ്ട്രോങ് എന്ന സ്ത്രീക്കാണ് ചിക്കൻ സാൻഡ്വിച്ചുള്ള കാര്യം പറയാൻ മറന്നതിന് ഇത്രയധികം രൂപ പിഴയൊടുക്കേണ്ടി വന്നിരിക്കുന്നത്. ന്യൂസിലാൻഡില്‍ നിന്നും ഓസ്ട്രേലിയയിലേക്കുള്ള വിമാന യാത്രയ്ക്കിടെ അവര്‍ ഒരു മഫിനും സീല്‍ ചെയ്ത ഒരു ചിക്കൻ സാൻഡ്വിച്ചും വാങ്ങിയിരുന്നു. എന്നാല്‍, യാത്ര തുടങ്ങുന്നതിന് മുമ്ബ് അവര്‍ ചിക്കൻ സാൻഡ്വിച്ച് ബാഗിലുള്ള കാര്യം മറന്നുപോയി. അത് കളയാതെയാണ് അവര്‍ വിമാനത്തില്‍ കയറിയത്.
അത് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്താനും അവര്‍ മറന്നിരുന്നു. ബയോ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയ്ക്കിടെയാണ് ചിക്കൻ സാൻഡ്വിച്ച് കണ്ടെത്തിയത്. നേരത്തെ സാൻഡ്വിച്ചുള്ള കാര്യം വെളിപ്പെടുത്താത്തതിനാല്‍ 3300 ഡോളര്‍ പിഴയടക്കണം എന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇത്രയധികം പണം വെറും 28 ദിവസത്തിനുള്ളില്‍ അടക്കണം എന്നത് അവര്‍ക്ക് താങ്ങാനായില്ല. ഇതിനെതിരെ ജൂണ്‍ അപ്പീല്‍ നല്‍കിയെങ്കിലും അധികൃതര്‍ ഒന്നിനും വഴങ്ങിയില്ല. ആകെ നിരാശയായ അവര്‍ മാധ്യമങ്ങളെ കണ്ട് തന്റെ ദുരനുഭവം പങ്കുവെച്ചതോടെ വാര്‍ത്ത മറ്റുള്ളവര്‍ അറിയുകയും ഒടുവില്‍ ന്യൂസിലാൻഡില്‍ നിന്നുള്ള ഒരു സംരഭകൻ ആ പണം അടയ്ക്കാമെന്നും പറഞ്ഞ് മുന്നോട്ട് വരികെയുമായിരുന്നു.