ചാരവൃത്തി കേസില്‍ ചൈനയില്‍ തടങ്കലില്‍ കഴിയുന്ന ചൈനീസ്-ഓസ്ട്രേലിയന്‍ മാദ്ധ്യമപ്രവര്‍ത്തക ചെങ് ലീ തടങ്കലിലെ വേദനകളെ കുറിച്ചെഴുതിയ കത്ത് വൈറലാകുന്നു.ഒരു വര്‍ഷത്തില്‍ ആകെ 10 മണിക്കൂര്‍ മാത്രം വെയില് കൊള്ളാന്‍ അനുവാദമുള്ള തന്റെ വിചാരണ തടവിനെ കുറിച്ചാണ് ഓസ്ട്രേലിയന്‍ ജനതയ്ക്കായി എഴുതിയ തുറന്ന കത്തില്‍ ചെങ് ലീ വിവരിക്കുന്നത്. ചൈനയിലെ സ്റ്റേറ്റ് ബ്രോഡ്കാസറ്ററിന് വേണ്ടി സേവനം അനുഷ്ടിച്ച ചൈനീസ്-ഓസ്ട്രേലിയന്‍ മാദ്ധ്യമപ്രവര്‍ത്തകയാണ് ചിങ് ലീ. തടങ്കലിലായി മൂന്ന് വര്‍ഷം തികയുന്ന വേളയിലാണ് ചെങ് കത്ത് എഴുതിയിരിക്കുന്നത്. ചാരക്കേസില്‍ കഴിഞ്ഞ വര്‍ഷം ചെങ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും ഇതുവരെ ശിക്ഷ വിധിച്ചിട്ടില്ല.
‘പ്രകൃതിയിലൂടെയുള്ള നടത്തങ്ങള്‍, നദികള്‍, തടാകങ്ങള്‍, കടലിലെ നീന്തല്‍, പിക്നിക്കുകള്‍, ആനന്ദകരമായ സായാഹ്നം, നക്ഷത്രങ്ങളാല്‍ തിളങ്ങുന്ന ആകാശം, നിശബ്ദത, കുറ്റിച്ചെടിയുടെ രഹസ്യമായ സംഗീതം ഇവയെല്ലാം ഞാന്‍ ഓര്‍ക്കുകയാണ്’ -ചിങ്ങിന്റെ പങ്കാളി നിക് കോയില്‍ പങ്കുവച്ച കത്തില്‍ എഴുതിയിരിക്കുന്നു. തടങ്കലിലാക്കപ്പെട്ടതിന് ശേഷം താനൊരു മരവും കണ്ടിട്ടില്ല എന്നും തനിക്ക് സൂര്യപ്രകാശം നഷ്ടമായി എന്നും ചെങ് കത്തില്‍ പറയുന്നുണ്ട്. ‘എന്റെ സെല്ലിന്റെ ജാലകത്തിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നുണ്ട്. പക്ഷേ വര്‍ഷത്തില്‍ 10 മണിക്കൂര്‍ മാത്രമേ എനിക്ക് സൂര്യപ്രകാശം ആസ്വദിക്കാന്‍ അനുവാദമുള്ളു’ എന്ന് ചെങ് പറയുന്നു.
അതേസമയം, ചെങ്ങിനും കുടുംബത്തിനും രാജ്യത്തിന്റെ പിന്തുണ മുന്നോട്ടും ഉണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ചെങ്ങിന്റെ ക്ഷേമത്തിനുവേണ്ടി വാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ചെങ് അയച്ച കത്ത് നമ്മുടെ രാജ്യത്തോടുള്ള അഗാതമായ സ്നേഹം വിളിച്ചോതുന്നതാണ്. അവര്‍ കുടുംബവുമായി വീണ്ടും ഒന്നിക്കുന്നത് കാണാനായി രാജ്യത്തെ എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. ഓസ്ട്രേലിയ സ്ഥിരമായി ചെങ്ങിന് വേണ്ടി വാദിക്കുന്നു. ഒപ്പം ചെങ്ങിന് നീതി, മാനുഷിക പരിഗണന എന്നിവ ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് വോങ് പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ എഴുത്ത് എഴുതാന്‍ ചെങ്ങിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് കോയില്‍ വ്യക്തമാക്കി. എല്ലാ മാസവും ഒരു കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനുമായി നേരില്‍ സംസാരിക്കാനും ആ ഉദ്യോഗസ്ഥന്റെ പക്കല്‍ എഴുത്തുകള്‍ കൊടുത്തയക്കാനും ചെങ്ങിന് അനുവാദമുണ്ടെന്ന് കോയില്‍ പറഞ്ഞു.
‘സുരക്ഷ മന്ത്രാലയത്തിന് കീഴിലുള്ള തടങ്കല്‍ കേന്ദ്രത്തിലാണ് ചെങ്ങിനെ പാര്‍പ്പിച്ചിരിക്കുന്നത്. കുട്ടികളെ ഏറെ നാളായി പിരിഞ്ഞു നില്ക്കുക എന്നത് അവള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്’ -കോയില്‍ പറഞ്ഞു. ‘ചെങ് തടവിലാക്കപ്പെട്ട സമയത്താണ് മകള്‍ ഹൈസ്കൂളിലേക്ക് പ്രവേശിച്ചത്. മകന് ഉടന്‍ ഹൈസ്കൂള്‍ തലത്തിലെത്തും’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.