കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിലെ പ്രതിയായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചന കേസ്. കേസിൽ നിന്ന് പിന്മാറാൻ 5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസാണ് കേസെടുത്തത്. പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബ കോടതിയിൽ ഉൾപ്പടെ ഭാര്യ നൽകിയ കേസ് പിൻവലിക്കാം എന്ന് പറഞ്ഞാണ് സൈബി പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിൻവലിച്ചുവെങ്കിലും കുടുംബ കോടതിയിലെ കേസ് പിൻവലിക്കാൻ തയാറായില്ലെന്നാണ് പരാതി. പാസ്പോർട്ട് തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു. അതേസമയം, ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ സൈബി ജോസിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നല്‍കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി നൽകിയ ഹർജിയിലാണ് കോടതി നടപടി. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി തീപ്പാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചിരുന്നു. കേസിൽ സൈബി ജോസിനെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പ്രാഥമിക റിപ്പോർട്ടിലുൾപ്പെടെ തനിക്കെതിരെ തെളിവില്ലെന്നാണ് സൈബി ജോസിന്‍റെ വാദം. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.