സിഡ്നി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകൾ വിദ്യാർത്ഥികൾക്ക് തുറന്നു നൽകാനൊരുങ്ങി ഓസ്ട്രേലിയയിലെ പൊതു വിദ്യാലയങ്ങൾ. നടപടിയുടെ ഭാഗമായി രാജ്യത്തെ പൊതു വിദ്യാലയങ്ങളിലെ ചാറ്റ് ജിപിടി നിരോധനം പിൻവലിക്കാൻ സാധ്യത. സ്കൂളുകളിൽ ചാറ്റ് ജിപിടി എങ്ങനെ പ്രവർത്തിക്കും എന്നതിന്റെ രൂപ രേഖ സംസ്ഥാന സർക്കാർ തയ്യാറാക്കി. ചാറ്റ് ജിപിടി പോലെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിക്കുന്നതിനായുള്ള നിരോധനം അടുത്ത വർഷം മാറ്റിയേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജെയ്സൺ ക്ലെയർ പറഞ്ഞു.
എന്നാൽ വിദ്യാർത്ഥികളെ പരീക്ഷിക്കുന്നതിലും ഗ്രേഡ് ചെയ്യുന്നതിലും നിയന്ത്രണങ്ങൾ ഉണ്ടാകും. സ്കൂളുകളിൽ സാങ്കേതിക വിദ്യഎങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് അധ്യാപകർക്ക് നിർദേശം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചാറ്റ് ജിപിടി കോപ്പിയടി പോലെയുള്ള കുറ്റക്രിത്യങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കുമെന്ന് അധ്യാപകർക്കിടയിൽ ആശങ്കയുണ്ട്.ഈ സാങ്കേതിക വിദ്യ നിലവിൽ മിക്ക പൊതു വിദ്യാലയ ക്ലാസ് മുറികളിലും നിരോധിച്ചിരിക്കുന്നു. എന്നാൽ ചില സ്വകാര്യ സ്കൂളുകൾ ഇതിനകം തന്നെ ഇത് എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് വിദ്യാർഥികളെ പഠിപ്പിക്കുന്നുണ്ട്. പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പിന്നാക്കം പോകുമെന്ന് മനസിലാക്കിയതിനാലാണ് ഇത്തരമൊരു നീക്കം.
എഐ ടൂളുകൾ വിദ്യാർത്ഥികൾ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് പഠിക്കേണ്ട ഒരു കാര്യമാണ്. നല്ല രീതിയിൽ ഉപയോഗിച്ചാൽ സാങ്കേതിക വിദ്യയ്ക്ക് വിദ്യാഭ്യാസ നിലവാരത്തെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. അടുത്ത വർഷം സ്കൂളുകളിൽ ഇത് എങ്ങനെ വ്യാപിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള കരട് രൂപം വികസിപ്പിച്ചിട്ടുണ്ട്. അധ്യാപകർ പ്രിൻസിപ്പൽമാർ രക്ഷിതാക്കൾ വിദ്യാർഥികൾ എന്നിവരിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾക്ക് പിന്നാലെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അത് പ്രസിദ്ധീകരിക്കുമെന്നും ക്ലെയർ പറഞ്ഞു.
ഉയർന്നു വരുന്ന ഈ സാങ്കേതികവിദ്യയുടെ നിയമപരവും ധാർമ്മികവുമായ അപകടസാധ്യതകൾ, വെല്ലുവിളികൾ, സാധ്യമായ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് യഥാർത്ഥ ചർച്ചകൾ ആവശ്യമാണെന്ന് ടീച്ചേഴ്സ് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റ് ആംബർ ഫോം പറഞ്ഞു. ക്ലാസ് മുറികളിൽ എഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ സർക്കാർ വഹിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
എന്താണ് ചാറ്റ് ജിപിടി
മൈക്രോസോഫ്റ്റ് പ്രധാന നിക്ഷേപകരായ ഓപ്പൺ എഐ എന്ന സ്ഥാപനം വികസിപ്പിച്ച ഒരു ഭാഷാ മോഡലാണ് ചാറ്റ് ജിപിടി. ഗൂഗിളിന്റെ ലാംഡ എഐ, ബെർട്ട്, ഫെയ്സ്ബുക്കിന്റെ റോബേർട്ട് എന്നിവ ഇക്കൂട്ടത്തിൽ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്. മനുഷ്യന്റെ സ്വാഭാവികമായ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങളിലേർപ്പെടാനുമാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. ഇന്റർനെറ്റിൽ ലഭ്യമായതും അച്ചടിച്ച പുസ്തകങ്ങളിൽ ലഭ്യമായതുമായ അനേകായിരം എഴുത്തുകൾ (ടെക്സ്റ്റ് ഡാറ്റ) ഉപയോഗിച്ചാണ് ചാറ്റ് ജിപിടിയെ പരിശീലിപ്പിച്ചിരിക്കുന്നത്. വലിയ വായനാശീലമുള്ള ഒരു ബുദ്ധിജീവിയെ പോലെയാണ് ചാറ്റ് ജിപിടി. ആര് എന്ത് സംശയം ചോദിച്ചാലും എന്തിനെ കുറിച്ച് അഭിപ്രായം ചോദിച്ചാലും അതേ കുറിച്ച് എന്തെങ്കിലുമൊക്കെ പറയാൻ അതിനറിയാം.