തൃശൂർ: ദുരന്തബാധിതരുടെ കടങ്ങളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കേരളത്തോട് ക്രൂരത കാട്ടുന്നുവെന്ന് മന്ത്രി കെ രാജൻ. കേരളത്തിന് പണം തരുന്നില്ല എന്ന കാര്യത്തിൽ ഒരു രാഷ്ട്രീയ കാരണം ഉണ്ടെന്ന് വേണമെങ്കിൽ കേന്ദ്രത്തിന് പറയാം. ഹൈലവൽ കമ്മിറ്റി കൂടി ഒരു പ്രമേയം പാസാക്കിയാൽ കടങ്ങൾ എഴുതിത്തള്ളാം. സിബിൽ സ്കോർ നോക്കാതെ ജീവനോപാധിക്കായി വായ്പ നൽകുകയും ചെയ്യാം. കേരളം അതിന്റെ പട്ടിക തയ്യാറാക്കി നൽകുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
മാലാഖയായി പ്രവർത്തിക്കേണ്ട കേന്ദ്രം അതിഭീകരമായി അവഗണിക്കുന്നു. കേന്ദ്രസർക്കാറിന്റെ നടപടിക്കെതിരെ കോടതി പറഞ്ഞ വാചകങ്ങൾ ഹൃദയത്തിൽ തട്ടുന്നതാണ്. എല്ലാവർക്കും നീതി ലഭ്യമാക്കുകയാണ് സർക്കാരിന്റെ കടമ. തെക്കുഭാഗത്തുള്ള മലയാളം സംസാരിക്കുന്നവർക്ക് നീതി നിഷേധിക്കുക എന്നത് ശരിയായ കാര്യമല്ല. കേരളത്തിന് അവകാശപ്പെട്ടത് ചോദിച്ചു വാങ്ങാൻ ഏതറ്റം വരെയും കേരളം പോകും. പക്ഷേ അത് മരവുരിയെടുത്ത് കേരളം സമ്പൂർണ്ണ പാപ്പരാണ് എന്ന് കേരളത്തിന്റെ മേന്മകളെ അടിയറ വച്ചിട്ട് ആയിരിക്കില്ല. കേന്ദ്രസർക്കാർ നിലപാട് മാറ്റുമെന്നാണ് ഇനിയും പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.