ദില്ലി:റഷ്യൻ പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. നിലവിൽ തിരിച്ചെത്താനുള്ള 18 ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്ന് റഷ്യ അറിയിച്ചതായും വിദേശകാര്യ വക്താവ് പറഞ്ഞു. യുദ്ധമുഖത്ത് കൊല്ലപ്പെട്ട തൃശൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ഇന്ത്യക്കാരെ സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്ത് വിട്ടത്. തൃശൂർ സ്വദേശി ബിനിൽ ബാബു ഉൾപ്പടെ 12 പേരാണ് ഇതുവരെ റഷ്യ യുക്രൈൻ യുദ്ധമുഖത്ത് കൊല്ലപ്പെട്ടത്. ആകെ 126 ഇന്ത്യാക്കാരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നത്. ഇതിൽ 96 പേർ നാട്ടിൽ തിരിച്ചെത്തി. നിലവിൽ 18 ഇന്ത്യാക്കാർ റഷ്യൻ സൈന്യത്തിനൊപ്പമുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിൽ 16 പേരെ കാണാതായവരുടെ പട്ടികയിലാണ് റഷ്യ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിനിൽ ബാബുവിനൊപ്പം റഷ്യൻ സൈന്യത്തിൽ പോയി യുദ്ധമുഖത്ത് പരിക്കേറ്റ ജയിൻ മോസ്കോവിൽ ചികിത്സയില്‍ തുടരുകയാണ്. ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ റഷ്യൻ എംബസി റഷ്യൻ അധികൃതരുമായി സമ്പർക്കത്തിലാണ്. ജയിനിനെയും ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കാണാതായ 16 പേരുടെ വിവരങ്ങൾ ഇനിയും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെ തിരിച്ചയക്കാൻ നരേന്ദ്ര മോദി വ്ളാദിമിർ പുടിൻ കൂടിക്കാഴ്ചയിലാണ് ധാരണയായത്.