ദില്ലി:സ്വവർഗ്ഗ വിവാഹം അംഗീകരിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സ്വവർഗ്ഗ വിവാഹം അംഗീകരിച്ചാൽ നിഷിദ്ധ ബന്ധങ്ങൾക്ക് അത് നാളെ ന്യായീകരണമാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. സഹോദരങ്ങളുമായി ബന്ധം പുലർത്തുന്നത് മൗലിക അവകാശം എന്ന് നാളെ ഒരാൾ വാദിച്ചാൽ എന്തു ചെയ്യും എന്ന ചോദ്യമാണ് കേന്ദ്രം ഉന്നയിച്ചത്. ബഹുഭാര്യത്വം അംഗീകരിക്കുന്നതിനുള്ള വഴിയായി കോടതി വിധിയെ ചിലർ ആയുധമാക്കുമെന്നും തുഷാർ മേത്ത പറഞ്ഞു അത്തരം വാദങ്ങൾ വിഷയത്തെ അനാവശ്യമായി പെരുപ്പിച്ചു കാട്ടുന്നതാവുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രതികരിച്ചു. കോടതി പരിഗണിക്കേണ്ട വിഷയമല്ലയിതെന്നും വാദം നിറുത്തി വയ്ക്കണമെന്നും ഇന്നലെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. സമൂഹത്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ കോടതി അടിച്ചേല്പിക്കരുതെന്ന് നിയമമന്ത്രി കിരൺ റിജിജു ഒരു മാധ്യമത്തോട് പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന വിഷയം പാർലമെൻറിനു വിടുകയാണ് കോടതി ചെയ്യേണ്ടതതെന്നും കിരൺ റിജിജു വ്യക്തമാക്കി