അറബ് ലീഗിലെ മൂന്നാമത്തെ രാജ്യമാണ് സുഡാന്. രാജ്യത്തിന്റെ ജനസംഖ്യയില്‍ 91 ശതമാനവും ഇസ്ലാം വിശ്വാസികള്‍. അതില്‍ 70 ശതമാനവും സുഡാനീസ് അറബ് വംശജര്‍. ജനസംഖ്യയിലെ 4.5 ശതമാനം പേര് മാത്രമാണ് ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വടക്കൻ സുഡാനിലെ മരുഭൂമിയില്‍ നിന്നും കണ്ടെത്തിയ ഒരു ചെറിയ അറ ഒരു കാലത്ത് ഈ പ്രദേശത്ത് ശക്തമായിരുന്ന ക്രിസ്തുമത വിശ്വാസികളുടെ തെളിവ് നല്കുന്നു. വടക്കൻ സുഡാനിലെ നൈൽ നദിയുടെ തീരത്തുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓൾഡ് ഡോംഗോളയില് നടന്ന ഖനനത്തിനിടെയാണ് അറ കണ്ടെത്തിയത്. അഞ്ചാം നൂറ്റാണ്ട് മുതൽ 14-ാം നൂറ്റാണ്ട് വരെ മകുറിയ രാജ്യത്തിന്റെ തലസ്ഥാന നഗരമായിരുന്നു ഈ നഗര അവശിഷ്ടങ്ങൾ എന്ന് വാർസോ സർവകലാശാലയിലെ പോളിഷ് സെന്റർ ഓഫ് മെഡിറ്ററേനിയൻ ആർക്കിയോളജി വിഭാഗം അഭിപ്രായപ്പെട്ടു. സുഡാനിന്റെ തലസ്ഥാനമായ കാർട്ടൂമിൽ നിന്ന് വടക്കുപടിഞ്ഞാറായി 260 മൈൽ അകലെയാണ് പഴയ ഡോംഗോള.
മകുറിയൻ രാജാക്കന്മാരുടെ കീഴിൽ നഗരം ശക്തിപ്രാപിച്ചിരുന്നു. അക്കാലത്തെ ആഫ്രിക്കയിലെ ഒരു പ്രമുഖ ക്രിസ്ത്യൻ മത കേന്ദ്രമായിരുന്നു ഇത്. ഒരു കൂറ്റൻ കോട്ട, രാജകൊട്ടാരം, ബഹുനില ഭവനങ്ങൾ, മൺപാത്ര നിർമ്മാണശാലകൾ, പള്ളികൾ, സിംഹാസന മണ്ഡപമായി പ്രവർത്തിച്ചേക്കാവുന്ന ഒരു വലിയ കെട്ടിടം എന്നിവയെല്ലാം മകുറിയൻ രാജാക്കന്മാരുടെ കീഴിലാണ് നിർമ്മിക്കപ്പെട്ടത്. രാജാക്കന്മാരുടെ ഭരണം അവസാനിച്ചതിന് ശേഷം, 15-ാം നൂറ്റാണ്ടിൽ പഴയ ഡോംഗോള മുസ്ലീം സുൽത്താനേറ്റ് ഓഫ് ഫഞ്ചിന്റെ ഭാഗമായി.
300 വർഷങ്ങൾക്ക് ശേഷം നഗരം ഉപേക്ഷിക്കപ്പെട്ടെന്നും ഗവേഷകർ പറയുന്നു. ഖനനത്തിനിടെ തറയില്‍ ഒരു പ്രത്യേക ദ്വാരം കണ്ടെത്തി. ദ്വാരത്തിലൂടെ അകത്ത് കടന്നാല്‍ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ചതും നിറങ്ങള്‍ ഉപയോഗിച്ച് ചിത്രപ്പണികള്‍ ചെയ്തതുമായ ഒരു ചെറിയ ഗുഹ കാണാം. ഗുഹയില്‍ മൂന്ന് അതുല്യ ചിത്രങ്ങള്‍ ഉണ്ടായിരുന്നെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. അറയുടെ ഒരു വശത്തെ ഭിത്തിയിൽ “കന്യാമറിയത്തിന്റെ” ചിത്രമായിരുന്നു. കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് പുസ്തകവും കുരിശും പിടിച്ച് നിൽക്കുന്ന സ്ത്രീരൂപം. സ്ത്രീയുടെ തലയ്ക്ക് ചുറ്റും തിളങ്ങുന്ന പ്രഭാവളയം. ഈ ചിത്രങ്ങളുടെ ശൈലി നോക്കിയാല്‍ നുബിയൻ കലയിലെ മേരിയുടെ സാധാരണ ചിത്രമല്ലെന്ന് വിദഗ്ധർ പറഞ്ഞു.
മറുവശത്തെ ഭിത്തിയിൽ യേശുക്രിസ്തുവിന്റെ ചിത്രമായിരുന്നു. ഒരു കൈയില്‍ പുസ്കതകവും മറുകൈയില്‍ അനുഗ്രഹത്തിന്റെ ആംഗ്യവുമായിരുന്നു യേശുവിന്റെ രൂപത്തിന്. ഒരു മകുറിയൻ രാജാവ്, യേശുവിനെ വണങ്ങി അദ്ദേഹത്തിന്റെ കൈയിൽ ചുംബിക്കുന്നതായിരുന്നു ചിത്രം. യേശു ഒരു മേഘത്തിൽ ഇരിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിറകുകളുള്ള ഒരു മാലാഖ രാജാവിന്റെ പുറകില്‍ നിന്നു. ഈ ചിത്രങ്ങള്‍ക്ക് സമാനമായ പുരാതന നുബിയന്‍ ചിത്രങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു.
ചിത്രത്തോടൊപ്പം പഴയ നൂബിയന്‍ ഭാഷയില്‍ മകുറിയൻ രാജാവായ ഡേവിഡ്, നഗരത്തിന്റെ സംരക്ഷണത്തിനായി ദൈവത്തോടുള്ള അഭ്യർത്ഥനയെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നു. ക്രിസ്ത്യൻ മകുറിയയുടെ അവസാനത്തെ ഭരണാധികാരികളിൽ ഒരാളായിരുന്നു ഡേവിഡ്. അദ്ദേഹത്തിന്റെ ഭരണം രാജ്യത്തിന്റെ അവസാനത്തിന്റെ തുടക്കമായെന്ന് എന്ന് വിദഗ്ധർ പറഞ്ഞു. ഈജിപ്തിനെതിരായ ആക്രമണത്തിന് അദ്ദേഹം നേതൃത്വം നൽകി. ഈ യുദ്ധത്തില്‍ ഈജിപ്ത് ഡോംഗോള കീഴടക്കി. ഈ ചിത്രങ്ങളുടെ കാലപ്പഴക്കമോ ചിത്രങ്ങള്‍ ദാവീദ് രാജാവിന്റെ ഭരണത്തിന് മുമ്പോ ശേഷമോ വരച്ചതാണോ എന്നും ഇതുവരെ വ്യക്തമായിട്ടില്ല. സമീപത്തുള്ള അവശിഷ്ടങ്ങൾ നിന്ന് അത് “ഗ്രേറ്റ് ചർച്ച് ഓഫ് ജീസസ്’ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, അത് ഒരുപക്ഷേ ഡോംഗോളയിലെ കത്തീഡ്രലും മകുറിയ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പള്ളിയുമാകാമന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു.