മോസ്കോ: റഷ്യ ചാരപ്രവർത്തനത്തിന് പരിശീലനം നൽകിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്. ചാരതിമിംഗലം എന്ന പേരിൽ പ്രശസ്തി നേടിയ ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചിരുന്നു. അന്തർദേശീയ തലത്തിൽ ഇത് ചർച്ചയായതിന് പിന്നാലെയാണ് ഹ്വാൾഡിമിർ എന്ന് പേരുള്ള ഈ ബെലൂഗ തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വരുന്നത്. എന്നാൽ മനുഷ്യന്റെ ഇടപെടലുകളല്ല ബെലൂഗ തിമിംഗലത്തിന്റെ മരണത്തിന് കാരണമായതെന്നാണ് ഫോറൻസിക് വിദഗ്ധർ വിശദമാക്കുന്നത്. അത്ര ചെറുതല്ലാത്ത മരത്തടി വായിൽ കുടുങ്ങിയത് നീക്കാനാവാതെ വന്നതാണ് ബെലൂഗ തിമിംഗലത്തിന്റെ ദാരുണാന്ത്യത്തിലേക്ക് എത്തിയതിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അവകാശ പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ നോർവീജിയൻ പൊലീസാണ് ബെലൂഗ തിമിംഗലത്തിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചത്. തിമിംഗലത്തിന്റെ ശരീരത്തിൽ വെടിയേറ്റതിന്റെ നിരവധി അടയാളങ്ങളുണ്ടെന്നായിരുന്നു വൺ വെയിൽ ആൻഡ് നോഹ എന്ന മൃഗാവകാശ സംഘടന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ 35 സെന്റിമീറ്ററും 3 സെന്റിമീറ്റർ വ്യാപ്തിയുമുള്ള ഒരു മരക്കഷ്ണം ഹ്വാൾഡിമിറിന്റെ വായിൽ കുടുങ്ങിയ നിലയി കണ്ടെത്തിയതായും ഇത് തീറ്റ തേടുന്നതിലടക്കം തിമിംഗലത്തിന് തടസം സൃഷ്ടിച്ചതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നു.
സെപ്തംബർ 1നാണ് ബെലൂഗ തിമിംഗലത്തെ നോർവീജിയൻ തീരത്തിന് സമീപത്തായി ചത്ത നിലയിൽ കണ്ടെത്തിയത്. നോർവേയുടെ തെക്ക് പടിഞ്ഞാറൻ പട്ടണമായ റിസവികയുടെ സമീപത്തായി ഒഴുകി നടക്കുന്ന നിലയിലായിരുന്നു ഹ്വാൾഡിമിറിനെ കണ്ടെത്തിയത്. നോർവീജിയൻ കടലിൽ അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ഹ്വാൾഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. ഗോ പ്രോ ക്യാമറ ഘടിപ്പിച്ച നിലയിലായിരുന്നു ഹ്വാൾഡിമിറിനെ കണ്ടെത്തിയത്. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച സംവിധാനത്തിലെ എഴുത്തുകളാണ് ചാരപരിശീലനം ലഭിച്ച തിമിംഗലമാണ് ഇതെന്ന സംശയം രൂപപ്പെടാൻ കാരണമായത്. എന്നാൽ ആരോപണത്തേക്കുറിച്ച് റഷ്യ പ്രതികരിച്ചിരുന്നില്ല.
വർഷങ്ങളായി ഈ തിമിംഗലത്തെ നിരീക്ഷിച്ചിരുന്ന എൻജിഒ ആണ് ഹ്വാൾഡിമിറിന്റെ മൃതദേഹം കണ്ടെത്തിയത്. 60 വയസ് പ്രായം വരെയാണ് സാധാരണ നിലയിൽ ബെലൂഗ തിമിംഗലങ്ങളുടെ ആയുസ്. എന്നാൽ 15 വയസ് ഉണ്ടെന്ന് വിലയിരുത്തുന്ന ഹ്വാൾഡിമിർ എത്തരത്തിൽ മരിച്ചുവെന്നതായിരുന്നു സംഭവത്തിൽ മനുഷ്യന്റെ ഇടപെടലുണ്ടെന്ന ആരോപണം ശക്തമാക്കിയത്. റഷ്യയുടെ വടക്കൻ മേഖലയായ മർമാൻസ്കിലെ നാവിക സേനാ ആസ്ഥാനത്തിന് 415 കിലോമീറ്റർ അകലെയുള്ള ഇംഗോയ ദ്വീപിലാണ് 2019 ഏപ്രിലിൽ മാസത്തിലാണ് ഹ്വാൾഡിമിറിനെ ആദ്യമായി കണ്ടെത്തിയത്.
ആർട്ടിക് മേഖലയോട് ചേർന്ന് ഈ ഇനത്തിലുള്ള തിമിംഗലങ്ങളെ കാണുന്നത് അസാധാരണമായതോടെയാണ് ഹ്വാൾഡിമിറിൽ ജനശ്രദ്ധയിലേക്ക് വരുന്നത്. മനുഷ്യരെ ഉപയോഗിച്ചുള്ള ചാരപ്രവർത്തനത്തിന് പിന്നാലെ മൃഗങ്ങളെ ഉപയോഗിക്കുന്നുവെന്ന നിരീക്ഷണം റഷ്യയ്ക്കെതിരെ ഉയരാൻ ഹ്വാൾഡിമിർ വലിയ കാരണമായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, തിമിംഗലത്തിന് നോർവീജിയൻ ഭാഷയിലെ പേരായ ഹ്വാൾ എന്നിവ കൂട്ടിയോജിപ്പിച്ചാണ് ഹ്വാൾഡിമിർ എന്ന പേര് ഈ തിമിംഗലത്തിന് നൽകിയത്. സൈനിക ആവശ്യങ്ങൾക്കായി ഡോൾഫിനുകളെ റഷ്യ ഉപയോഗിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.