ഓസ്ട്രേലിയയിലെ ബിംഗിൽ ബേയിൽ ബീച്ചിൽ തീവിഴുങ്ങിപ്പക്ഷി എന്ന് മലയാളത്തിൽ അറിയപ്പെടുന്ന കാസവരി എന്ന പക്ഷിയെ കണ്ടെത്തി. കടലിൽ നിന്നും നീന്തി വരുന്ന നിലയിലായിരുന്നു പക്ഷിയെ ബീച്ചിൽ എത്തിയ സന്ദർശകർ കണ്ടെത്തിയത്. ഇത് സ്വതവേ നന്നായി നീന്തുന്ന പക്ഷിയാണ്. വടക്കു-കിഴക്കൻ ക്വീൻസ്ലാൻഡിലെ മഴക്കാടുകളിലും അടുത്തുള്ള ദ്വീപുകളിലും പാപുവ ന്യൂഗിനിയയിലും ഒക്കെയാണ് പൊതുവെ ഇവയെ കാണുന്നത്.
ഒട്ടകപ്പക്ഷി, എമു എന്നിവയുമായിട്ടൊക്കെ കാഴ്ചയിൽ ഏറെ സാമ്യമുള്ള പക്ഷിയാണ് കാസവരി. ഈ പക്ഷികളുടെ തലയിൽ ഹെൽമറ്റ് പോലെ ഒരു ഭാഗം കാണാം. അതാണ് പക്ഷിക്ക് കൂടുതൽ ഭംഗി നൽകുന്നത്. സ്വതവേ വളരെ ലജ്ജാശീലരായ പക്ഷികളാണ് ഇവ എങ്കിലും എന്തെങ്കിലും ആപത്തു വരുന്നു എന്ന് തോന്നിക്കഴിഞ്ഞാൽ അവ ഉപദ്രവിക്കാൻ മടി കാണിക്കില്ല. ഇവ മനുഷ്യരെ പോലും അത്തരത്തിൽ ഉപദ്രവിക്കും. കനത്ത നഖങ്ങളുള്ള കാലുകൾ കൊണ്ട് തൊഴിക്കലാണ് സ്വതവേ ഇവയുടെ ഒരു അക്രമരീതി. അതുപോലെ മരണത്തിന് കാരണമായേക്കാവുന്ന പരിക്കുകൾ വരെ ഏൽപ്പിക്കാൻ ഇവയ്ക്ക് സാധിക്കും എന്നും പറയുന്നു.
പക്ഷിയെ കണ്ടവർ പിന്നീട് വന്യജീവി വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഈ പക്ഷികളുടെ അക്രമം വളരെ വളരെ അപൂർവമാണ് എങ്കിലും അവ വളരെ അധികം അപകടകരമാണ് എന്ന് ലൈബ്രറി ഓഫ് കോൺഗ്രസ്സ് പറയുന്നു.