കാൻബെറ : 120ാം പിറന്നാള്‍ ആഘോഷിച്ച് ലോകത്ത് ജീവിച്ചിരിക്കുന്നതില്‍, മനുഷ്യരുടെ സംരക്ഷണത്തിലുള്ള ഏറ്റവും നീളം കൂടിയ മുതലയായ കാഷ്യസ്.
ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിലെ ഗ്രീൻ ഐലൻഡിലുള്ള മറൈൻലാൻഡ് പാര്‍ക്കില്‍ കഴിയുന്ന സാള്‍ട്ട് വാട്ടര്‍ ക്രോക്കഡൈല്‍ ഇനത്തില്‍പ്പെട്ട ഈ ഭീമൻ മുതലയ്ക്ക് 17 അടി 11 ഇഞ്ചാണ് നീളം.
ചിക്കനും ട്യൂണയുമാണ് കാഷ്യസിന് പിറന്നാള്‍ വിഭവങ്ങളായി നല്‍കിയത്. അതേ സമയം, കാഷ്യസിന്റെ പ്രായം ഗവേഷകരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിച്ചിട്ടുള്ളത്. ബോക്സിംഗ് താരം മുഹമ്മദ് അലിയോടുള്ള ആദരസൂചകമായാണ് 1987ല്‍ വടക്കൻ ഓസ്ട്രേലിയയില്‍ നിന്ന് പിടികൂടിയ കാഷ്യസിന് ഈ പേര് നല്‍കിയത്.
മുഹമ്മദ് അലിയുടെ ആദ്യത്തെ പേര് കാഷ്യസ് ക്ലേ എന്നായിരുന്നു. ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, തായ്ലൻഡ് രാജാവ്, ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ തുടങ്ങി നിരവധി പേര് കാഷ്യസിനെ സന്ദര്‍ശിച്ചിട്ടുണ്ട്. മുതലകളില്‍ ഏറ്റവും നീളംകൂടിയവയാണ് സാള്‍ട്ട് വാട്ടര്‍ ക്രോക്കഡൈലുകള്.
കണ്ടല്‍ക്കാടുകള്‍, ചതുപ്പ് പ്രദേശങ്ങള്‍, നദികള്‍ തുടങ്ങി ലവണാംശമുള്ള വെള്ളത്തില്‍ ജീവിക്കുന്നവയാണിവ. സാധാരണയായി, ഏകദേശം 1,200 കിലോഗ്രാമോളം ഭാരം വയ്ക്കാറുണ്ട് ഇവയ്ക്ക്. മൂക്ക് മുതല്‍ വാലറ്റം വരെ 20 അടിയോളവും ചിലപ്പേള്‍ അതില്‍ കൂടുതലും നീളം വയ്ക്കാം. നൈല്‍ മുതലകള്‍ക്കാണ് വലിപ്പത്തില്‍ രണ്ടാം സ്ഥാനം.വലിപ്പത്തില്‍ കാഷ്യസിന്റെ എതിരാളി ഫിലിപ്പീൻസിലെ ബുനാവനിലെ എക്കോ പാര്‍ക്ക് ആൻഡ് റിസേര്‍ച്ച് സെന്ററിന്റെ പരിപാലനത്തിലുണ്ടായിരുന്ന ലോലോംഗ് എന്ന മുതല ആയിരുന്നു. ചരിത്രത്തില്‍ മനുഷ്യര്‍ കീഴടക്കി കൂട്ടിലാക്കിയതില് ഏറ്റവും നീളം കൂടിയ മുതല എന്ന റെക്കാഡ് 2011ല്‍ കാഷ്യസ് സ്വന്തമാക്കിയെങ്കിലും തൊട്ടടുത്ത വര്‍ഷം ആ റെക്കാഡ് ലോലോംഗിന് ലഭിച്ചു. 20 അടി 2.91 ഇഞ്ചായിരുന്നു ലോലോംഗിന്റെ ആകെ നീളം.
ഫിലിപ്പീൻസിലെ ബുനാവനില് നിരവധി ജീവികളെയും രണ്ട് മനുഷ്യരെയും അകത്താക്കിയ ഭീകരനായ ലോലോംഗിനെ അധികൃതരും നാട്ടുകാരരും ചേര്‍ന്നാണ് പിടികൂടിയത്. 1,075 കിലോയോളം ഭാരമുണ്ടായിരുന്ന ലോലോംഗ് 2013 ഫെബ്രുവരി 10ന് ലോകത്ത് നിന്ന് വിടപറഞ്ഞു. ഇതോടെ മനുഷ്യര്‍ പരിപാലിക്കുന്ന ഏറ്റവും നീളമേറിയ ജീവിച്ചിരിക്കുന്ന മുതലയെന്ന റെക്കാഡ് വീണ്ടും കാഷ്യസിന് ലഭിച്ചു. എന്നാല്‍ ചരിത്രത്തില്‍ മനുഷ്യര്‍ കീഴടക്കി കൂട്ടിലാക്കിയ ഏറ്റവും നീളമേറിയ മുതലയെന്ന ലോലോംഗിന്റെ നേട്ടം തകര്‍ക്കാനാകില്ല.