പാലക്കാട്: സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് വിദ്യയുടെ അറസ്റ്റെന്ന് അഭിഭാഷകൻ. പോലീസ് പ്രവർത്തിക്കുന്നത് മാധ്യമങ്ങളുടെ താളത്തിന് അനുസരിച്ചാണ്. സകല നിയമങ്ങൾക്കും വിരുദ്ധമായിട്ടാണ് വിദ്യയുടെ അറസ്റ്റ്. ഇക്കാര്യം കോടതിയിൽ പറയുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യയെ ഇന്നലെയാണ് മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ വിദ്യയെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ താന്‍ നിരപരാധിയാണെന്നാണ് കെ വിദ്യ പറയുന്നത്. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ മൊഴി നല്കി. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ മൊഴി നല്കി.