ദില്ലി: യുഎസ് എംബസി വിസ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പാസ്‌പോർട്ട് – വിസ ഏജന്‍റുമാർക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. യുഎസ് വിസ അപേക്ഷകളില്‍ വ്യാപകമായ ക്രമക്കേട് നടത്തി യുഎസ് സര്‍ക്കാരിനെ വഞ്ചിച്ചു എന്ന എംബസിയുടെ കണ്ടെത്തലോടെയാണ് ഏജന്‍റുമാര്‍ക്കെതിരെ കേസെടുത്തത്. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീരിച്ച് പ്രവര്‍ത്തിക്കുന്ന വിസ ഏജറ്റുമാരാണ് അപേക്ഷകളിലും രേഖകളിലും കൃത്രിമം കാണിച്ചത്. അപേക്ഷകര്‍ക്ക് വിസ നേടിക്കൊടുക്കുന്നതിനായി വ്യാജ രേഖകളും വിവരങ്ങളുമാണ് ഏജന്‍റുമാര്‍ സമര്‍പ്പിക്കുന്നത് എന്ന് എംബസി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മെയ് മാസത്തില്‍ എംബസി നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്നാണ് വിസ തട്ടിപ്പ് നടത്തുന്ന ഏജന്‍റുമാരെ കണ്ടെത്തുന്നത്. വിസ ഏജന്‍റുമാരും അപേക്ഷകരുമായ 30 പേര്‍ക്കെതിരെയാണ് കേസ്. എന്നാല്‍ അപേക്ഷകളിലും സമര്‍പ്പിച്ച രേഖകളിലും കൃത്രിമം കാട്ടിയത് ഏജന്‍റുമാരാണെന്നും ഇതിനെ കുറിച്ച് അറിവില്ലെന്നുമാണ് മിക്ക അപേക്ഷകരും പറയുന്നത്. കേസില്‍ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.