തൃശൂര്‍: നിവിൻ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്നും ഇതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നിര്‍മാതാവ് എകെ സുനിൽ (രാഗം സുനിൽ) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതിയുടെ പരാതിയിൽ നിവിൻ പോളിക്ക് പുറമെ എകെ സുനിൽ അടക്കം ആറു പേരെയാണ് പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. താൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്നും മറ്റു ലക്ഷ്യങ്ങളോടെയാണ് പരാതിയെന്നും എകെ സുനില്‍ പറഞ്ഞു.
വ്യാജ പരാതിയാണ് നല്‍കിയിട്ടുള്ളത്. നിവിൻ പോളിക്ക് അവരെ പരിചയപ്പെടുത്താൻ മാത്രം അവര്‍ സെലിബ്രിറ്റിയാണോയെന്നും എകെ സുനില്‍ ചോദിച്ചു. നിവിൻ പോളിയെ അവര്‍ക്ക് പരിചയപ്പെടുത്തികൊടുത്തിട്ടില്ല. വ്യാജ പരാതി നല്‍കുന്നവരെ ശിക്ഷിക്കണം.അത് നിയമനടപടിയിലൂടെയെ കഴിയുകയുള്ളു. അധികം സമയം എടുക്കാതെ അതില്‍ ഒരു തീരുമാനം ഉണ്ടാകണം.
നിവിൻ പോളിയെ എന്തിനുവേണ്ടിയാണ് ഇവരെ പരിചയപ്പെടുത്തി കൊടുക്കണം.എന്താണ് അതിന്റെ സാഹചര്യമെന്ന് അറിയില്ല. അവര്‍ പറയുന്നത് എല്ലാം കളവാണ്. നേരത്തെ ഇവര്‍ നല്കിയ പരാതി പൊലീസ് അന്വേഷിച്ച് കളവാണെന്ന് വ്യക്തമായി തള്ളിയെന്നാണ് അറിവ്. ഇപ്പോള്‍ വന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എകെ സുനില്‍ പറഞ്ഞു.