തെന്നിന്ത്യയില്‍ നിലയ്ക്കാത്ത ആരവമാണ് ‘ജയിലര്‍’. രജനികാന്തിന് വീണ്ടും വമ്പൻ ഹിറ്റാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. രജനികാന്ത് മാത്രമല്ല മോഹൻലാലും ‘ജയിലര്‍’ സിനിമയില്‍ ആവേശമായി മാറിയിരിക്കുന്നു. ‘ജയിലര്‍’ എന്ന സിനിമയിലെ കോസ്റ്റ്യൂമിലുളള ഫോട്ടോ മോഹൻലാല്‍ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.’മാത്യൂ’ എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ മോഹൻലാല്‍ എത്തിയത്. സ്റ്റൈലിഷായിട്ടായിരുന്നു ആ കഥാപാത്രത്തിന്റെ കോസ്റ്റ്യൂം. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോകളിലടക്കം മോഹൻലാലിന്റെ സ്റ്റൈലിസ്റ്റായി പ്രവര്‍ത്തിച്ച ജിഷാദ് ഷംസുദ്ദീനാണ് ‘ജയിലറിനാ’യും നടനെ ഒരുക്കിയത്. എഴുപതുകളിലെയും എണ്‍പതുകളിലെയും ഒരു ഡോണ്‍ പോലെയാണ് വേണ്ടത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നുവെന്ന് ജിഷാദ് ഷംസൂദ്ദീൻ പറഞ്ഞിരുന്നു.ലാല്‍ സാറിന്റെ സുഹൃത്ത് സനലാണ് ആദ്യം വിളിച്ചത് എന്ന് ജിഷാദ് വ്യക്തമാക്കി. ലാല്‍ സാര്‍ അപ്പോള്‍ ‘റാമെ’ന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മൊറോക്കോയില്‍ ആയിരുന്നു. അന്ന് വൈകുന്നേരമായപ്പോള്‍ ലാല്‍ സാറിന്റെ മെസേജും വന്നു എനിക്ക്. എഴുപതുകളിലെയും എണ്‍പതുകളിലെയും ഒരു ഡോണ്‍ പോലെ വേണം എന്ന് നിര്‍ദ്ദേശിച്ചു. കുറച്ച് ലൗഡ് ആയിട്ടുള്ള സ്റ്റൈലിംഗാണ് ചിത്രത്തിനായി വേണ്ടതെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ എത്രത്തോളം ലൗഡ് ആവാമെന്ന് ആദ്യം മനസിലായില്ല എന്നും ജിഷാദ് വ്യക്തമാക്കുന്നു. പിന്നീട് അയച്ചു കിട്ടിയ വിവരങ്ങളിലൂടെയാണ് തനിക്ക് ആക്സസറീസിനെക്കുറിച്ച് ധാരണ കിട്ടിയത് എന്നും ജിംഷാദ് ഷംസുദ്ദീൻ വ്യക്തമാക്കി.
നെല്‍സണാണ് രജനികാന്ത് ചിത്രത്തിന്റെ സംവിധാനം. രജനികാന്ത് നായകനായ ചിത്രത്തില്‍ അതിഥി കഥാപാത്രങ്ങളായി മോഹൻലാലിനൊപ്പം ശിവ രാജ്കുമാറും അടക്കമുള്ള പ്രമുഖരും എത്തി. ഇവര്‍ക്കൊക്കെ മികച്ച സ്ക്രീൻ സ്പേസും ചിത്രത്തില്‍ ലഭിച്ചിരുന്നു. രാജ്യത്തിനു പുറത്തും മികച്ച സ്വീകാര്യതയാണ് ചിത്രം നേടുന്നത്.