കാനഡയില്‍ ഉന്നത വിദ്യാഭ്യാസം നേടുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷന് സംസ്ഥാനത്ത് വിസ അപേക്ഷാ കേന്ദ്രം തുറക്കുന്നത് പരിഗണിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിസ അപേക്ഷാ കേന്ദ്രം തുറക്കുന്നതിന് പരിഗണിക്കേണ്ട ഘടകങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലും നടപ്പു വര്‍ഷത്തിലും സംസ്ഥാത്ത് നിന്നുള്ള വിസ അപേക്ഷകരുടെ എണ്ണം ഉള്‍പ്പെടുത്തുമെന്ന് ഹൈക്കമ്മീഷനിലെ മീഡിയ ഓഫീസര്‍ അര്‍ച്ചന മിരാജ്കര്‍ പറഞ്ഞു.
സംസ്ഥാനത്ത് നിന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി കാനഡയിലേക്ക് പോകുന്നതിനാല്‍ കേരളത്തില്‍ വിസ സെന്റര്‍ തുറക്കാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.
നിലവില്‍ വിസ നടപടി പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ചെന്നൈ,ബംഗളൂരു,ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് പോകുന്നത്.