ടൊറന്റോ: ഒന്നര വയസ്സുള്ള പേരക്കുട്ടിയുമായി നടക്കാനിറങ്ങുന്നതിനിടെ 17 തവണ കുത്തേറ്റ ഇന്ത്യൻ പൗരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ദിലീപ് കുമാര്‍ ധോലാനി എന്ന 66 കാരനാണ് ആക്രമിക്കപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ മകൻ ദിനേഷ് ധോലാനി പറഞ്ഞു.
ഗ്രേയ്റ്റര്‍ ടൊറന്റോ ഏരിയയില്‍ ആക്രമണം നടന്ന സ്ഥലത്തിന് സമീപം താമസിച്ചിരുന്ന 20 കാരനായ നോഹ ഡെനിയര്‍ ആണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലുള്ള ഇയാള്‍ക്കെതിരെ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. മകനും കുടുംബത്തിനുമൊപ്പം താമസിക്കാനാണ് ദിലീപ് കുമാര്‍ ധോലാനി കനഡയിലെത്തിയത്.
സംഭവത്തെക്കുറിച്ചുള്ള രോഷം സമീപപ്രദേശങ്ങളിലും ഇന്തോ-കനേഡിയൻ സമൂഹത്തിലും കനഡയിലും വ്യാപിച്ചിട്ടുണ്ട്. മുത്തച്ഛൻ തന്റെ ചെറുമകളോടൊപ്പം നടക്കാനിറങ്ങിയപ്പോള്‍ കത്തികൊണ്ട് ആക്രമിക്കപ്പെടുന്നു. എപ്പോഴാണ് ഇതുപോലുള്ള ഭീകരത സാധാരണമായത്? എന്നാണ് ആക്രമണത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് പ്രധാന പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് പിയറി പൊയ്ലീവര് പറഞ്ഞത്.
17 കുത്തേറ്റിട്ടും പിതാവ് രക്ഷപ്പെട്ടത് ഭാഗ്യകൊണ്ടാണെന്ന് ദിനേഷ് ധോലാനി പറയുന്നു. കൊലപാതക കുറ്റം ആരോപിക്കപ്പെടുന്നുണ്ടെങ്കിലും ഡെനിയര്‍ ജാമ്യം നേടിയേക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ കുടുംബം അവരുടെ നിലവിലെ വസതിയില്‍ സുരക്ഷിതരായിരിക്കുമോ എന്നുമുള്ള ആശങ്കയും ദിനേഷ് ധോലാനി പങ്കുവച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലാത്തതും കുടുംബത്തെ ആശങ്കപ്പെടുത്തുന്നു.