ഒട്ടാവ: ഖലിസ്ഥാൻ അനുകൂലി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നാലെയുള്ള ഇന്ത്യ – കാനഡ നയതന്ത്രപോരിനിടെ എരിതീയില്‍ എണ്ണയൊഴിച്ച് സിഖ്സ് ഫോര്‍ ജസ്റ്റീസ്(എസ്എഫ്ജെ) സംഘടന.
നിജ്ജാറിന്റെ മരണം ആഘോഷിച്ച ഇന്ത്യൻ വംശജരായ ഹിന്ദുക്കള്‍ കാനഡ വിട്ടുപോകണമെന്ന് എസ്എഫ്ജെ ആവശ്യപ്പെട്ടു.
ഇന്ത്യൻ ഹിന്ദുക്കള്‍ ഇന്ത്യയെ അനുകൂലിക്കുന്നത് ഖലിസ്ഥാൻ അനുകൂലികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താൻ വേണ്ടി മാത്രമാണെന്നും അത്തരക്കാര്‍ കാനഡ വിടണമെന്നും എസ്എഫ്ജെയുടെ ഔദ്യോഗിക വക്താവ് ഗുര്‍പത്വന്ത് പന്നൂണ്‍ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യൻ ഹിന്ദുക്കള്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും പന്നൂണ്‍ കൂട്ടിച്ചേര്‍ത്തു.
ഭീകരരുടെ പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് പന്നൂണ്‍. പന്നൂണിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കാനഡയിലെ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യ ആണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞത് അന്തര്‍ദേശീയ തലത്തില്‍ വലിയ വിവാദമായതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങള്‍.