ന്യൂയോർക്ക്: അമേരിക്കയിൽ ലോസ് ആഞ്ചലസിനെ വിഴുങ്ങിയ അസാധാരണ കാട്ടുതീ പടർന്ന് പിടിക്കാൻ തുടങ്ങിയിട്ട് 3 നാൾ പിന്നിടുകയാണ്. നാലാം നാളിലേക്ക് കാട്ടുതീ കടക്കുമ്പോഴും നിയന്ത്രണ വിധേയമാക്കാനായിട്ടില്ല എന്നത് ബൈഡൻ ഭരണകൂടത്തെ സംബന്ധിച്ചടുത്തോളം വലിയ നാണക്കേടാണ്. തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല എന്നത് മാത്രമല്ല, കൂടുതൽ മേഖലകളിലേക്ക് തീ പടരുന്നു എന്നതാണ് അമേരിക്ക നേരിടുന്ന വെല്ലുവിളി. ഇതുവരെ പത്ത് മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5700 കോടി ഡോളറിന്റെ നഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഒന്നര ലക്ഷത്തിലേറെ പേരെ ഇതിനകം ഒഴിപ്പിച്ചു. ആളുകൾ ഒഴിഞ്ഞുപോയ വീടുകളിൽ വ്യാപക കൊള്ള നടക്കുന്നുണ്ടെന്നാണ് മറ്റൊരു വലിയ നാണക്കേട്. ദുരന്തത്തെ നേരിടാൻ നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരെ വിന്യസിച്ചുവെന്ന് വ്യക്തമാക്കിയ കാലിഫോർണിയ ഗവർണർ തന്നെയാണ് ആളുകളെ ഒഴിപ്പിച്ച പ്രദേശത്ത് റിപ്പോർട്ട് ചെയ്ത കൊള്ളയടിയുടെ വിവരങ്ങളും പങ്കുവച്ചത്. ഇത്തരത്തിൽ കൊള്ള നടത്തിയ ഇരുപത് പേർ പിടിയിലായിട്ടുണ്ടെന്നും ഗവർണർ വിവരിച്ചു.
അതേസമയം വലയി നാശമാണ് കാലിഫോർണിയ മേഖലയിൽ കാട്ടുതീ വിതച്ചിരിക്കുന്നത്. പാലിസാഡസിലെ തീപ്പിടുത്തത്തിൽ ഇതിനോടകം 19,000 ഏക്കർ പ്രദേശം ചാമ്പലായി. അറ്റ്ലാന്റയിൽ 13,000 ഏക്കറും തീ വിഴുങ്ങി. പതിനായിരങ്ങളെ ഈ പ്രദേശത്ത് നിന്ന് മാത്രം മാറ്റി പാർപ്പിച്ചു. അണുബോംബ് വർഷിച്ചതിന് സമാനമായ കാഴ്ചയെന്ന ലോസ് ആഞ്ചലസ് കൗണ്ടി സുരക്ഷാ മേധാവിയുടെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാണ്. ബുധനാഴ്ച വൈകിട്ട് തുടങ്ങിയ കാട്ടുതീ നാലാം ദിവസത്തിലും നിയന്ത്രണ വിധേയമാക്കാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം വിവരിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളെയെല്ലാം തോൽപ്പിച്ചുകൊണ്ട് ശക്തമായ വരണ്ട കാറ്റ് ആഞ്ഞുവീശുന്നതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. തീ പടരുമെന്ന് ആശങ്കയുള്ള പ്രദേശങ്ങളിൽ നിന്നും ഒരു ലക്ഷത്തി എൺപതിനായിരം പേരോട് എപ്പോൾ വേണമെങ്കിലും ഒഴിയാൻ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മില്യൺ ഡോളറുകൾ മൂല്യമുള്ള വീടുകൾ ചാമ്പലായ പാലിസാഡസിൽ നിരവധി സെലിബ്രറ്റികളും ദുരന്തബാധിതരായി. കാലിഫോർണിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ എല്ലാം ചെയ്തും വരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 5700 കോടി ഡോളറിന്റെ നഷ്ടമെന്നാണ് പ്രാഥമീക വിലയിരുത്തലെന്നും അദ്ദേഹം വിവരിച്ചു. പുനർനിർമാണ ചെലവ് സർക്കാർ വഹിക്കുമെന്നും ബൈഡൻ വ്യക്തമാക്കി.