സിഡ്നി: ഓസ്ട്രേലിയയിൽ വേനലിനോടനുബന്ധിച്ച് വ്യാപകമായ കാട്ടുതീയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ, മഴയുടെ കുറവ്, കാലാവസ്ഥാ വ്യതിയാനങ്ങൾ, പുൽമേടുകൾ എന്നിവയുടെ സ്വാധീനം മൂലം 2019-20 ലെ കാട്ടുതീയ്ക്കു ശേഷമുള്ള ഏറ്റവും വിനാശകാരിയായ കാട്ടുതീയായിരിക്കും ഇക്കുറി ഉണ്ടാവുകയെന്നാണ് ഓസ്ട്രേലിയൻ ഫയർ അതോറിറ്റി കൗൺസിൽ നൽകുന്ന മുന്നറിയിപ്പ്. അതിനാൽ കാട്ടുതീയെ പ്രതിരോധിക്കാൻ ജനങ്ങൾ തയാറെടുക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. 2019-20 കാലയളവിൽ രാജ്യം സാക്ഷ്യം വഹിച്ച, ‘ബ്ലാക്ക് സമ്മർ’ എന്നു വിശേഷിപ്പിക്കപ്പെട്ട കാട്ടുതീ എല്ലാ സംസ്ഥാനങ്ങളിലും കനത്ത നാശം വിതച്ചിരുന്നു.
അതേസമയം, 2019-20-ൽ തീപിടിത്തം ബാധിക്കാത്ത സിഡ്നി ബേസിൻ (ന്യൂ സൗത്ത് വെയിൽസിലെ ഒരു ജൈവമേഖലയാണ് സിഡ്നി ബേസിൻ), തീരപ്രദേശങ്ങൾ, ഹണ്ടർ എന്നിവിടങ്ങളിൽ ഇക്കുറി അപകടസാധ്യത കൂടുതലാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.ഓസ്ട്രേലിയൻ ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം വസന്തകാലത്ത് കാട്ടുതീ സ്ഥിരം സംഭവമാണ്. എന്നാൽ ഈ സീസണിൽ കാട്ടുതീയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്ന കാലാവസ്ഥാ മാറ്റങ്ങൾ വ്യാപകമാണെന്ന് ഓസ്ട്രേലിയൻ ഫയർ അതോറിറ്റി കൗൺസിൽ (അഫാക്) ചീഫ് എക്സിക്യൂട്ടീവ് റോബ് വെബ്ബ് പറഞ്ഞു. കാട്ടുതീയെ നേരിടാൻ തയാറെടുക്കാനും പ്രാദേശികമായ സാഹചര്യങ്ങൾ നിരീക്ഷിക്കാനും ഓസ്ട്രേലിയൻ ബിസിനസുകൾക്കും കമ്മ്യൂണിറ്റികൾക്കും അഗ്നിശമനാ വിഭാഗം മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു.
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയ്ക്കൊപ്പം കാട്ടുതീ ആളിക്കത്തിക്കാൻ ശേഷിയുള്ള ഉണങ്ങിയ
പുൽമേടുകളുടെ വളർച്ചയും അധികൃതരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അടുത്തിടെയായി രാജ്യത്തിന്റെ പലയിടങ്ങളിലായി പെയ്യുന്ന കനത്ത മഴ മൂലം ചെടികൾ തിങ്ങിനിറഞ്ഞു വളർന്ന നിലയാണ്. അതിനാൽ അഗ്നിശമന സേനയുടെ സഹായം ആവശ്യമുള്ള കാട്ടുതീ കൂടുതൽ ഉണ്ടാകാനുള്ള സാധ്യതയാണ് ഇക്കുറി പ്രവചിക്കപ്പെടുന്നത്.
ക്വീൻസ്ലാൻഡ്, ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, നോർത്തേൺ ടെറിട്ടറി എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലാണ് അപകടസാധ്യത കൂടുതലുള്ളത്.
കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശരാശരിയേക്കാൾ കൂടുതൽ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നതിനാൽ ഓസ്ട്രേലിയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അടിക്കാടുകളും ഉയർന്ന പുല്ലുകളും വ്യാപകമായി വളർന്നു. അതിനാൽ തീ അതിവേഗം പടരാനുള്ള സാധ്യത കൂടുതലാണ്.
അപകട സാധ്യത കുറഞ്ഞ ടാസ്മാനിയയിലും ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലും, വസന്തകാലത്ത് സാധാരണ അളവിലുള്ള കാട്ടുതീ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പിൽബാരയിൽ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കുറവാണ്. കിംബർലി മേഖലയിൽ കാലാവസ്ഥ വരണ്ടതും ചൂടുള്ളതുമായതിനാൽ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നത്.