തിരുവനന്തപുരം : വ്യവസായ ഡയറക്ടറേറ്റിനു കീഴിലെ ബഹുനില വ്യവസായ എസ്റ്റേറ്റുകളിലെ (ഗാല) കെട്ടിടങ്ങൾ (ബിൽറ്റപ്പ് സ്പേയ്സ്) ഇനി മുതൽ ദീർഘ കാല വാടകയ്ക്ക്. 60 വർഷം വരെ വാടക കാലാവധി ലഭിക്കും തരത്തിൽ വ്യവസായ വകുപ്പ് പുതിയ മാർഗരേഖയിറക്കി. മൂന്നു വർഷം കഴിഞ്ഞാൽ ആവശ്യമെങ്കിൽ മുൻകൂർ അനുമതിയോടെ മറ്റൊരാൾക്കോ, കമ്പനിക്കോ കൈമാറാമെന്ന ആനുകൂല്യവുമുണ്ട്. കിൻഫ്ര പോലെ മറ്റ് ഏജൻസികളുടെ ബഹുനില എസ്റ്റേറ്റുകളിലെ കെട്ടിടം 10 വർഷത്തേക്കാണു വാടകയ്ക്കു നൽകുന്നത്. കൈമാറരുതെന്നും വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണു സംരംഭകരെ ആകർഷിക്കുന്ന വാഗ്ദാനങ്ങളോടെ,വ്യവസായ ഡയറക്ടറേറ്റ് മാർഗരേഖ തയാറാക്കിയത്.ഡയറക്റ്ററേറ്റിനു കീഴിൽ ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ ചുമതലയിൽ 40 വ്യവസായ എസ്റ്റേറ്റുണ്ട്. ഇതിൽ മൂന്നിടത്താണു ബഹുനില എസ്റ്റേറ്റ് എന്ന നിലയ്ക്കു കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. എറണാകുളം, ഇടയാർ, ആലപ്പുഴ പുന്നപ്ര, തൃശൂർ പുഴയ്ക്കൽ പാടം എന്നിവിടങ്ങളിലായി ആകെ 2.86 ലക്ഷം ചതുരശ്രയടി സ്പേസ് ഉണ്ട് .കൂടുതൽ എസ്റ്റേറ്റുകളിൽ കെട്ടിടങ്ങൾ നിർമിക്കാനിരിക്കുകയാണ്. ആദ്യം 30 വർഷത്തേക്കാണ് വാടകയ്ക്കു നൽകുക. തൃപ്തികരമെങ്കിൽ 30 വർഷത്തേക്കുകൂടി നീട്ടി നൽകും .ഒരു വർഷത്തെ വാടക സെക്യൂരിറ്റി നിക്ഷേപമായി നൽകണം. ഓരോ മാസവും അഞ്ചാം തീയതിക്കകം വാടക നൽകിയില്ലെങ്കിൽ 0.5 ശതമാനം പലിശ. ശേഷം 10 ശതമാനം പലിശയീടാക്കും. ഓരോ വ്യവസായ വർഷവും 10 ശതമാനം വീതം വാടക കൂടും. 3 മാസം തുടർച്ചയായി വാടക നൽകിയില്ലെങ്കിൽ തിരിച്ചെടുക്കും. അനുവദിച്ച് 6 മാസത്തിനകം പ്രവർത്തനം തുടങ്ങണം. 6 മാസം കൂടി ഇളവു നൽകിയശേഷം തിരിച്ചെടുക്കും. മൂന്നു വർഷം കഴിഞ്ഞാൽ മുൻകൂർ അനുമതിയോടെ മറ്റൊരു കമ്പനിക്കോ, വ്യക്തിക്കോ കൈമാറാം.