തിരുവനന്തപുരം: കെട്ടിട പെർമിറ്റ് ഫീസ് കുത്തനെ ഉയർത്തിയതോടെ വെട്ടിലായത് വീടെന്ന സ്വപ്നവുമായി നടക്കുന്ന സാധാരണക്കാരാണ്. ഈ മാസം 10 മുതൽ ഫീസ് ഇനത്തിൽ പത്തിരട്ടിയിലേറെ വർധനയാണ് നിലവിൽ വരിക. കോർപേഷനുകളിലാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായിരിക്കുന്നത്. 150 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ചെറിയ വീടിന് പെർമിറ്റ് ഫീസ് ഇനത്തിൽ നേരത്തെ പഞ്ചായത്തിൽ അടക്കേണ്ടിയിരുന്നത് 555 രൂപയായിരുന്നു. ഇനി കൊടുക്കേണ്ടി വരിക 8500 രൂപയാണ്. നഗരസഭകളിലൽ ഇത് 11,500 രൂപയും കോർപറേഷനിൽ 16000 രൂപയുമാണ്.
ചെറുകിട നിർമാണങ്ങൾ 80 മീറ്റർ സ്ക്വയറായി നിജപ്പെടുത്തി. ഇതോടെ സാധാരണക്കാർ ഉൾപ്പെടെ വർധനയുടെ പരിധിയിൽ പെടും. കെട്ടിട പെർമിറ്റിനുള്ള അപേക്ഷ ഫീസിലും കൈപൊള്ളിക്കുന്ന വർധനവ് നിലവിൽ വരുന്നത്. 30 രൂപയായിരുന്നത് ഒറ്റയടിക്ക് വർധിച്ച് 300 രൂപയായി. സാമ്പത്തിക വർഷം അവസാനിക്കുന്ന പേരിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളും ഒരു മാസത്തോളമായി പെർമിറ്റ് അപേക്ഷകൾ സ്വീകരിച്ചിരുന്നില്ല. പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ഈ പെർമിറ്റുകൾ ലഭിക്കാൻ ഉപഭോക്താക്കൾ ഉയർന്ന തുക നൽകേണ്ട സ്ഥിതിയാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഈ മാസം 10 മുതലാണ് വർധനവ് നിലവിൽ വരുന്നത്. എങ്കിലും നിയമപരമായി നടപ്പാക്കണമെങ്കിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടങ്ങളിലും നിരക്കുകൾ പരിഷ്കരിച്ച് വിജ്ഞാപനമിറക്കണം.