ബ്രിസ്ബൻ: പരിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ദിനമായ ജൂൺ 11-ന്, ക്രിസ്തുവിശ്വാസം പ്രഘോഷിച്ച് നഗരത്തിലെ തെരുവുകളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്താനൊരുങ്ങി ബ്രിസ്ബനിലെ
കത്തോലിക്ക വിശ്വാസികൾ.
ക്വീൻസ്ലൻഡിലെ ബ്രിസ്ബൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരാറുണ്ട്. സിറോ മലബാർ വിശ്വാസികളും വർഷങ്ങളായി ഭക്തിസാന്ദ്രമായ ഈ പ്രദക്ഷിണത്തിൽ പങ്കെടുക്കാറുണ്ട്.
ഈ വർഷത്തെ കോർപ്പസ് ക്രിസ്റ്റി ഘോഷയാത്ര ബ്രിസ്ബനിലെ സെന്റ് സ്റ്റീഫൻ കത്തീഡ്രലിൽ ആരംഭിച്ച് ഇവിടെത്തന്നെ അവസാനിക്കും. ആർച്ച് ബിഷപ്പ് മാർക്ക് കോളറിഡ്ജിന്റെ നേതൃത്വത്തിൽ പ്രാർത്ഥന, ജപമാല, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.പതിമൂന്നാം നൂറ്റാണ്ടുമുതൽ സഭയിൽ ആചരിച്ചുവരുന്ന തിരുനാളാണ് കോർപ്പസ് ക്രിസ്റ്റി. പരിശുദ്ധ ത്രീത്വത്തിന്റെ ഞായർ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് സാധാരണയായി ഈ തിരുനാൾ ആചരിക്കുന്നത് .