ദില്ലി: ബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജ പീഡന പരാതിയെന്ന് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവ്. വാർത്താ ഏജൻസിയായ പിടിഐയോടാണ് നിർണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതെ വന്നതോടെ വിരോധം തോന്നി. തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് ഭൂഷൺ ഇടപെട്ടത്. ഇതിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്നും പിതാവ് വെളിപ്പെടുത്തി.
2022 ൽ ലക്നൗവിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ്പ് യോഗ്യതാ റൗണ്ടിന്റെ ഫൈനലിൽ പെൺകുട്ടി തോറ്റിരുന്നു. ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിക്കാതെ വന്നതോടെയാണ് ബ്രിജ് ഭൂഷണിനോട് വിരോധമായത്. റഫറിയുടെ തീരുമാനത്തിന് പിന്നിൽ ബ്രിജ് ഭൂഷണിന്റെ ഇടപെടലായിരുന്നുവെന്നും ഇവർ സംശയിച്ചു. ഇതിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്നും പിതാവ് വെളിപ്പെടുത്തി. മൊഴി മാറ്റിയെന്ന് പരാതിക്കാരിയായ പ്രായപൂർത്തി ആവാത്ത പെൺകുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു. വിഷയം കോടതിയിൽ എത്തുന്നതിന് മുൻപ് തെറ്റ് തിരുത്തണമെന്നും പിതാവ് പറയുന്നു. ബ്രിജ് ഭൂഷണിനെതിരായ പോക്സോ കേസ് ഇതോടെ ദുർബലമാകും.