കോഴിക്കോട്: വടക്കൻ പറവൂര്‍ സ്വദേശിയായ നവവധുവിന് ഭര്‍തൃഗൃഹത്തിൽ മര്‍ദ്ദനമേറ്റെന്ന പരാതിയിൽ പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.
വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപാണ് സംഭവം നടന്നത്. വീട് കാണൽ ചടങ്ങിനായി മെയ് 11 ന് കോഴിക്കോട്ടെ വീട്ടിലെത്തിയ തൻ്റെ മാതാപിതാക്കളോടാണ് യുവതി പീഡന വിവരം വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും സഹോദരനുമടക്കം മുഖത്തും ശരീരത്തിലുമേറ്റ പാടുകളും രക്തക്കറയും കണ്ടത് കൊണ്ട് മാത്രമാണ് എല്ലാം തുറന്ന് പറഞ്ഞതെന്ന് യുവതി പറയുന്നു.
വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളിലൊന്നിൽ രാത്രി 1 മണിയോടെയാണ് മർദ്ദനം നടന്നത്. വീട്ടിൽ ഈ സമയത്ത് രാഹുലിന്റെ അമ്മയും സുഹൃത്തും ഉണ്ടായിരുന്നു. എന്നാൽ ആരും ഇടപെട്ടില്ലെന്ന് യുവതി പറയുന്നു. 150 പവനും കാറുമായിരുന്നു സ്ത്രീധനമായി രാഹുൽ ആവശ്യപ്പെട്ടത്. ഗുരുതരമായ കുറ്റകൃത്യത്തിൽ പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയും യുവതി ചൂണ്ടികാട്ടി.
ഗാര്‍ഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ആദ്യം പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. പരാതിയില്‍ പറയുന്ന പോലെയുള്ള അതിക്രമങ്ങള്‍ യുവതി നേരിട്ടോ എന്ന് ഡോക്ടറുടെ മൊഴി ലഭിച്ചാലേ വ്യക്തമാകൂവെന്നായിരുന്നു പന്തീരാങ്കാവ് പൊലീസിന്റെ നിലപാട്. പ്രതിക്കെതിരെ വധശ്രമം അടക്കം വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പറവൂർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. ജര്‍മ്മനിയിൽ എയറോനോട്ടിക്കൽ എഞ്ചിനിയീറാണ് പ്രതിയായ രാഹുൽ.