ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം. അഞ്ച് രാഷ്ട്രങ്ങളുടെ സംഘടനായ ബ്രിക്സിന്റെ പതിനഞ്ചാമത് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലാണ് നടക്കുന്നത്.
ഓഗസ്റ്റ് 22 മുതല്‍ 24 വരെയാണ് ഉച്ചകോടി. 4 ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലും ഗ്രീസിലുമെത്തും. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമെ ചൈന, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളും ബ്രിക്സില്‍ അംഗങ്ങളാണ്.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മതമേല സിറില്‍ റമഫോസയുടെ ക്ഷണപ്രകാരമാണ് മോദി ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 2019ന് ശേഷം നടക്കുന്ന ആദ്യ ബ്രിക്സ് ഉച്ചകോടിയാണിത്. 2020, 2021, 2022 വര്‍ഷങ്ങളില്‍ ഓണ്‍ലൈനായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ജോഹന്നാസ്ബര്‍ഗില്‍ എത്തുന്ന ലോകനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മോദി നിര്‍ണായക കൂടിക്കാഴ്ച നടത്തിയേക്കും.
പ്രധാനമന്ത്രിക്കൊപ്പം ഒരു ബിസിനസ് പ്രതിനിധി സംഘവും ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. ഇവര്‍ ഉച്ചകോടിയുടെ ഭാ?ഗമായുള്ള ബിസിനസ് ട്രാക്ക് മീറ്റിംഗുകളിലും ബ്രിക്സ് ബിസിനസ് കൗണ്‍സില്‍, ബ്രിക്സ് വനിതാ ബിസിനസ് അലയന്‍സ്, ബ്രിക്സ് ബിസിനസ് ഫോറം മീറ്റിംഗുകളില്‍ എന്നിവയിലും പങ്കെടുക്കും. ഉച്ചകോടിക്ക് ശേഷം വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗ്രീസിലെത്തി പ്രധാനമന്ത്രി ഉഭയകക്ഷി യോഗങ്ങളില്‍ പങ്കെടുക്കും. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്.