ടോക്കിയോ : ജപ്പാനിലെ ഒകിനാവയിലെ നാഗോ നഗരത്തിലെ തുറമുഖത്ത് കടല്‍ജലം ചുവപ്പ് നിറമായത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി.
തെളിഞ്ഞ നീലനിറത്തോട് കൂടിയ ജലം ഒറ്റരാത്രികൊണ്ട് രക്തം തളംകെട്ടിയത് പോലെയായത് അധികൃതരെയും കുഴപ്പിച്ചു. ശരിക്കും ഒറിയോണ്‍ ബ്രൂവെറീസ് എന്ന ബിയര്‍ ഫാക്ടറിയില്‍ നിന്ന് തുറമുഖത്തോട് ചേര്‍ന്ന നദിയിലേക്ക് അബദ്ധത്തില്‍ ചോര്‍ന്ന ഫുഡ് കളറിംഗ് ഡൈ ആണ് ചുവപ്പ് നിറത്തിന് പിന്നില്‍. വെള്ളത്തിന്റെ നിറംമാറ്റത്തില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകില്ലെന്നും അറിയിച്ച കമ്ബനി ജനങ്ങളോട് ക്ഷമാപണവും നടത്തി. ഫുഡ് കളറിംഗ് ഡൈ ഫാക്ടറിയില്‍ നിന്ന് എങ്ങനെ ചോര്‍ന്നെന്ന് കണ്ടെത്തുമെന്ന് അവര്‍ അറിയിച്ചു. ചൊവ്വാഴ്ച ഫാക്ടറിയിലെ കൂളിംഗ് സിസ്റ്റത്തില്‍ നിന്നാണ് ചോര്‍ച്ച ആരംഭിച്ചതെന്ന് കരുതുന്നു. പൈനാപ്പിള്‍ ഫാമുകള്‍ക്ക് പേരുകേട്ട നാഗോ നഗരം ജപ്പാനിലെ ജനപ്രിയ മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നാണ്.