കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് പ്രവർത്തനം വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്ക് നേരിട്ട് ഏറ്റെടുത്തില്ലെന്നതിന്റെ തെളിവ് പുറത്ത്. ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിനാണ് സോണ്ട ഇൻഫ്രാടെക്ക് 2021 നവംബറിൽ ഉപകരാർ നൽകിയത്. ഈ സ്ഥാപനത്തിനും ബയോമൈനിംഗിൽ പ്രവർത്തി പരിചയമില്ല. 54 കോടിയുടെ കരാറിൽ 22 കോടിയോളം രൂപക്കാണ് ഉപകരാർ നൽകിയത്. അതും കൊച്ചി കോർപ്പറേഷന്റെ അനുമതിയില്ലാതെയാണ് സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത്. ബയോമൈനിംഗിൽ സോണ്ടക്ക് മുൻപരിചയമില്ലെന്ന് നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അതേസമയം, വിഷയത്തിൽ സോണ്ട ഇൻഫ്രാടെക്ക് പ്രതികരിച്ചിട്ടില്ല.
അതിനിടെ, ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബ്രഹ്മപുരം തീപിടിത്തം സംസ്ഥാനത്ത് പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാനായി തദ്ദേശ സെക്രട്ടറി നൽകിയ സമയക്രമം കോടതി അംഗീകരിച്ചു. ഉടൻ, ഹ്രസ്വ, ദീർഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേൽനോട്ടം വഹിക്കും.
ഖരമാലിന്യ സംസ്കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങൾ, പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് റിപ്പോർട്ട് കലക്ടർമാർ നൽകണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി റിപ്പോർട്ട് ഹൈക്കോടതി പരിശോധിക്കും. ഭാവിയിൽ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തദ്ദേശ ഖരമാലിന്യ സംസ്കരണ സൗകര്യം രൂപകൽപ്പന ചെയ്ത് സ്ഥാപിക്കുന്നത് ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെയാകണമെന്നും കോടതി നിർദേശിച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി.ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ വിധി.