എംപി സ്ഥാനം രാജിവച്ച് ബ്രിട്ടനെ ഞെട്ടിപ്പിച്ചിരിക്കുകയാണ് യുകെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ടിക്കുള്ളില്‍ തുറന്ന പിരിമുറുക്കത്തിന് ഒടുവില്‍ തന്റെ രാഷ്ട്രീയ എതിരാളികളോടും, അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഋഷി സുനക്കിനോടും കടുത്ത അതൃപ്തിയോടെയാണ് അദ്ദേഹം പടിയിറങ്ങിയത്.
കോവിഡ് ചട്ടങ്ങളെല്ലാം പാലിച്ചുവെന്നു ബോറിസ് ജോണ്സണ് നടത്തിയ പ്രസ്താവനയിലൂടെ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്ന വിഷയത്തില്‍ പാര്‍ലമെന്റ് സമിതി അന്വേഷണം നടത്തുകയാണ്. തെറ്റിദ്ധരിപ്പിച്ചുവെന്നു കണ്ടെത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് രാജി. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് തെളിഞ്ഞാല്‍ 10 ദിവസം വരെ സസ്പെന്ഷന് ലഭിച്ചേക്കാം.
സമിതി റിപോര്‍ട് പുറത്തുവരും മുന്‍പാണു ജോണ്‍സന്റെ രാജി. പാര്‍ലമെന്റില്‍നിന്ന് ഒഴിയുന്നത് സങ്കടകരമാണെന്നും എന്നാല്‍ തന്നെ പുറത്താക്കാന്‍ കുറച്ചുപേര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ക്കു പാര്‍ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലെന്നും ജോണ്സണ് പറഞ്ഞു. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ചട്ടങ്ങള്‍ മറികടന്നു മദ്യസല്‍ക്കാരമടക്കമുള്ള ആഘോഷങ്ങള്‍ നടത്തിയതിലൂടെ ‘പാര്ടിഗേറ്റ്’ എന്നറിയപ്പെട്ട വിവാദത്തിന്റെ പേരില്‍ പ്രധാനമന്ത്രിയായിരിക്കെ ജോണ്‍സണു പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തേണ്ടിവന്നു. പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജിയെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിയേണ്ടിയും വന്നു.