സിഡ്നി: കവിയും ഗാനരചയിതാവുമായ ഇ. ജിനന്റെ പതിനാറാമത്തെ പുസ്തകമായ നൃത്തം ചെയ്യുന്ന ഇലകൾ (ബാലസാഹിത്യം) ഓസ്ട്രേലിയായിൽ വെച്ച് പ്രകാശനം ചെയ്യപ്പെടുകയാണ്. തൃശൂരിലെ പ്രിന്റ് ഹൌസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. ഓസ്ട്രേലിയയിലെ ഇന്ത്യൻ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ ഫെബ്രുവരി 11 ആം തീയതി വൈകീട്ട് 3 :30 ന് സിഡ്നി റിവർ സ്റ്റോൺ സീനിയർ സിറ്റിസൺ സെന്ററിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്.
പുസ്തകം ഏറ്റുവാങ്ങുന്നത് കവിയുടെ കൊച്ചുമോൾ സ്പന്ദനയും പരിചയപ്പെടുത്തുന്നത് എഴുത്തുകാരൻ Dr. ഗണേഷ് ബാലയുമാണ്. കേരളത്തിൽ നിന്ന് സിനിമ സംവിധായകരായ കമൽ, സത്യൻ അന്തിക്കാട്, കവികളായ കുരീപ്പുഴ ശ്രീകുമാർ, റഫീഖ് അഹമ്മദ്, പ്രസാധകൻ സുനിൽ പി മതിലകം എന്നിവർ വീഡിയോ ആശംസകളുമായി എത്തുന്നുണ്ട്.
ചടങ്ങിനു ശേഷം ഇ ജിനന്റെ കവിതകളുടെ ആലാപനവും ഉണ്ടായിരിക്കും. ജിനന്റെ കുരുത്തോലക്കിളി എന്ന പുസ്തകത്തിന് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. കവിതകൾ എൽ.പി. ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.